Monday, September 24, 2018






കൂട്ടിയിണക്കുമദൃശ്യ നൂലുകൾ..... 
***********************************************

മിനിഞ്ഞാന്ന് രാത്രിയാണ് കവിത എഴുതിയത്.കവിതയല്ല .പാട്ട്.പിസിയിൽ ടൈപ്പ് ചെയ്തു വായിച്ചു നോക്കിയപ്പോൾ ഓർത്തു .മാതൃവിനു അയക്കാം (രാഹുൽ) അല്ലെങ്കിൽ ബാല ഭാസ്കറിന്.പിന്നീട് എങ്ങനെയെന്നറിയില്ല അബദ്ധത്തിൽ വേർഡിൽ നിന്നും ഡിലീറ്റ് ബട്ടൺ അടിച്ചു പോയി.ഇരുപതോളം വരികൾ ഇല്ലാതെയായി.റിക്കവർ ചെയ്യാൻ ശ്രമിച്ചെങ്കിലും  പരാജയപ്പെട്ടു. ഖേദം തോന്നി .പിന്നീട് സ്വയം ആശ്വസിപ്പിച്ചു .എല്ലാം പ്രവചനാതീതമാണ് .
നിമിഷം കൊണ്ട് എല്ലാം തകിടം മറിയുന്ന വൃത്തികെട്ട ഒരു ഗെയിം മാത്രമാണ് ജീവിതം എന്നിരിക്കിലും മനുഷ്യന്മാർ ആശിക്കാനും മോഹിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു നിർമ്മിതമായ ജീവികളാണ്. ഭൂമിയിൽ മത്സരത്തിനോ അഹങ്കാരത്തിനോ ദേഷ്യത്തിനോ പകയ്ക്കോ  സമ്പത്തിനോ ഒന്നും ഒരു അർത്ഥവുമില്ല .ഇവിടെ ഉണ്ടാക്കി  ഇവിടെ തന്നെ കളഞ്ഞിട്ടു പോകണം .ഒന്നും സഹായിക്കുകയില്ല .ഒരു പക്ഷെ ഒരു നല്ല മനസ്സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആത്മാവ് എന്ന പേരിൽ കൂടെ കൊണ്ട് പോകാമായിരിക്കും .അറിയില്ല.
ഹൃദയം തുറന്നു വെച്ചാൽ കുറെ അതിഥികളെ കണ്ടും കേട്ടും മടങ്ങാം .

ആദ്യ രണ്ടു വരികൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.
"വരികളിൽ നിന്നും വരികളിലേക്കൊരു
വര വരയ്ക്കാം നറു തിരി കൊളുത്താം "

Saturday, August 4, 2018


കാലചക്രം
*******************
നിന്നോടരികു  ചേർന്നൊഴുകുന്നൊരു
പുഴയുണ്ട്.
മഴ പെയ്തു നിറയുമ്പോഴും
കടലിൽ ചെന്നഴിയുമ്പോഴും
ഒരേ മുഖമുള്ള
ഒന്നും മിണ്ടാത്തൊരു പുഴ.

വെറുതെ ചില കാറ്റിൽ പെട്ട്
ഞാനവിടെ കരിയില പോലെ
മുൻകൂട്ടി തീരുമാനിക്കാതെ 
പാറി വരാറുണ്ട് .

പുഴയ്ക്കു കുറുകെ ചില പാലങ്ങളിൽ
തേങ്ങി തേഞ്ഞു തീരുന്ന  തീവണ്ടികളുടെ
കറുത്ത പാളങ്ങൾ ഓടിമറയാറുണ്ട്.
യാത്രകൾ എന്നും ഒരൊടുക്കത്തിന്റെ
തുടക്കമാണെന്നു
അവറ്റകൾ കൂകി വിളിക്കാറുമുണ്ട് .

എന്റെ ചില ഓർമ്മകൾ
ഒരിക്കലാപ്പുഴയിൽ ഉതിർന്നു വീണു
മുങ്ങി മരിച്ചിട്ടുണ്ട്.

നിറങ്ങളില്ലാത്തൊരോളമായി
പിന്നെയവ
കടലിലെങ്ങോ
അടിഞ്ഞു പോയിട്ടുണ്ട്.

നിലാവില്ലാത്തൊരു രാത്രിയിൽ
പങ്കായക്കാരനില്ലാത്തൊരു തോണിയും
അവയ്ക്കു പുറകെ
ഒലിച്ചും ഒളിച്ചും  പോയിട്ടുമുണ്ട്.

ഇന്ന് നീ വിളിച്ചപ്പോൾ
ഞാനവിടെ തിരികെ വന്നില്ല..

ഇന്ന് ഞാൻ അറിയാത്ത നിന്നെത്തേടി
എന്നോ മരിച്ചു  മറന്നു പോയ
എന്നെ ഞാൻ എവിടുന്നു കൊണ്ട്  വരാനാണ്‌ ?

ഭൂതം ,ഭാവി ,വർത്തമാനം
കൂടിച്ചേരുന്നൊരു വഴിമുക്കിൽ
നമ്മളിനിയും
കണ്ടു മുട്ടി
പുതിയൊരു യാത്ര തുടങ്ങും .





Wednesday, May 9, 2018


AWOL
************

ജീവിതത്തെ കുറിച്ചോർത്തു അന്തം വിട്ടു കുത്തിയിരിക്കുന്ന നിമിഷങ്ങൾ ഈയിടെയായി ഏറെയാകാൻ തുടങ്ങിയിരിക്കുന്നു.  ഇന്നലെ ഒരു സ്കൂൾഫ്രണ്ടിന്റെ 'അമ്മ മരിച്ചെന്നറിഞ്ഞു. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ്   വരെ എന്നും സുഹൃത്തിനെ വിളിക്കാൻ അവളുടെ വീട്ടിൽ രാവിലെ ചെന്ന് കയറും.പച്ചപ്പാവാടയും ക്രീം നിറത്തിലുള്ള ഷർട്ടും മാറത്തെ ഓറഞ്ചു നിറത്തിൽ നാണയ വട്ടത്തിൽ സ്കൂളിന്റെ പേരെഴുതിയ ബാഡ്ജും,തൂക്കു സഞ്ചിയിലെ പുസ്തകങ്ങളും സാധാരണ വള്ളിച്ചെരുപ്പും ഇരു വശത്തും പിന്നിയിട്ടു പച്ച റിബ്ബൺ കെട്ടിയ നീളമുള്ള തലമുടിയുമായി  അവളെയും വിളി ച്ചു  രണ്ടു ഇരട്ടകളെപ്പോലെ അവിടെ നിന്നിറങ്ങി  ബസ് പിടിക്കാൻ ബസ് സ്റ്റാന്റിലേക്കു നടക്കുമ്പോൾ അവളുടെ 'അമ്മ വേലിക്കരുകിൽ വന്നു നടന്നു പോകുന്നത് നോക്കുന്നുണ്ടാവും .അങ്ങനെ കുറെ കൊല്ലങ്ങൾ .
സ്കൂൾ അവധി ദിനങ്ങളിൽ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ നീളമുള്ള വരാന്തയിലെ  അരഭിത്തിയിലിരുത്തി  സ്ഫടിക ഗ്ലാസിൽ ചൂട് ചായയും വെളുത്ത പിഞ്ഞാണപ്പാത്രങ്ങളിൽ കായ വറുത്തതും മിസ്ച്ചറും തന്നു സത്ക്കരിക്കും .അവളുടെ വള്ളി നിക്കറിട്ടു പന്തെറിഞ്ഞു കളിക്കുന്ന കുഞ്ഞു സഹോദരനും  മുഷിഞ്ഞ കുപ്പായമിട്ട് മൂക്കളയൊലിപ്പിച്ചു മണ്ണിൽക്കളിക്കുന്ന ചെറു സഹോദരിമാരും  മുറ്റത്തു നിന്ന് നോക്കും.പഴയ ഇരു നിലയിലുള്ള ഓടിട്ട വീട്ടിലും മരക്കോണിയിലും തട്ടിൻ പുറത്തും സമാധാനവും സന്തോഷവും സുരക്ഷിതത്വവും കൂട്ട് കൂടി നിൽക്കുന്നത് എന്നും കണ്ടിട്ടുണ്ട്.ബാല്യത്തിലെ സന്തോഷങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽ അവളുടെ 'അമ്മ വീട്ടു വിശേഷം ചോദിക്കും.
'അമ്മമ്മയ്ക്കു സുഖമല്ലേ?'
അമ്മ സ്കൂളിൽ പണിക്കു പോകുന്നുണ്ടോ?
അനിയൻ ഇപ്പൊ ഇങ്ങോട്ടു കളിയ്ക്കാൻ വരാറില്ലാലോ "
അങ്ങനെ സംഭാഷണം നീളും.
പിന്നീട് വഴികൾ പിരിഞ്ഞു.അവൾ പഠിക്കാൻ മുൻപിൽ അല്ലാതിരുന്നത് കൊണ്ടും മൂത്ത കുട്ടി എന്ന പരിഗണനയിലും നേരത്തെ വിവാഹം കഴിഞ്ഞു   ഭർതൃ ഗൃഹത്തിലേക്ക് നീങ്ങി.
സ്വന്തം പഠനം.വിവാഹം എല്ലാം കഴിഞ്ഞു നാട് വി ടും  വരെ ഇടയ്ക്കൊക്കെ വീട്ടിൽ ചെന്ന് അമ്മയുടെ സത്കാരം സ്വീകരിക്കുമായിരുന്നു.
അന്യനാട്ടിൽ കുടിയേറിയപ്പോൾ ജന്മ നാട്ടിലേക്കുള്ള വരവുപോക്കിന്റെ എണ്ണവും കുറഞ്ഞു.  എന്നിരുന്നാലും എപ്പോൾ പോയാലും വീട്ടിലൊന്നു കയറാതെ തിരികെ പോരാറുണ്ടായിരുന്നില്ല.
കാലത്തോടൊപ്പം വീടും അംഗങ്ങളും വളർന്നു.പെൺകുട്ടികൾ വിവാഹം കഴിച്ച അമ്മമാരായി.  ആൺകുട്ടി  നാടറിയുന്ന ബിസിനെസ്സുകാരനായി .പുതിയ കെട്ടിടങ്ങളും കടകളും കെട്ടി.പക്ഷെ അവയുടെ പിറകിൽ പഴയ രണ്ടു നില ഓട് വീട് അല്ലറ ചില്ലറ മുഖം മിനുക്കൽ ഒഴിച്ചാൽ അങ്ങനെ തന്നെ നിന്നു .
ഒരു വര്ഷം മുൻപ് വീണ്ടുമൊരിക്കൽ സ്വന്ത ഗൃഹം സന്ദർശിച്ചപ്പോൾ പതിവ് പോലെ വീട്ടിലും പോയി.പേരക്കുട്ടികൾ വളർന്നു.അച്ഛന് ഡിമെൻഷ്യ ബാധിച്ചു  തിരിച്ചറിയാൻ മറന്നു.
അമ്മ പക്ഷെ പഴയ അതെ പോലെ ചായയും പലഹാരവും തന്നു കൂടെയിരുന്നു.മക്കളെക്കുറിച്ചും കുടുംബത്തെ കുറിച്ചും ജോലിയെ ക്കുറിച്ചും ചോദിച്ചു .പഴയതു പോലെ ചിരിച്ചു. വീട്ടിന്റെ തണലും സുരക്ഷയും സമാധാനവും അവിടെ തന്നെയുണ്ടെന്ന് അനുഭവപ്പെട്ടു.
പിന്നീട് ഇപ്പോൾ രണ്ടു നാൾ മുൻപ് സഹോദരൻ ഫോൺ വിളിച്ചു പറഞ്ഞു.
"വനജയുടെ 'അമ്മ മരിച്ചു പോയി.കരളിൽ അസുഖമായിരുന്നു .ഒരു മാസം മുൻപാണ് അറിഞ്ഞത്.അവർ എവിടെയൊക്കെയോ കൊണ്ട് പോയി പക്ഷെ പ്രയോജനം ഉണ്ടായില്ല "
ഹൃദയത്തിൽ ചെറിയൊരു മുള്ളു കൊണ്ടു .അപ്പോൾ തന്നെ ഹൃദയം പറഞ്ഞു.
"ഏയ് ചുമ്മാ..ആയമ്മയ്ക്കു മരിക്കാനൊന്നും പറ്റില്ല.തോന്നലാണ്.ഇത്രയും ജീവിതം നിറഞ്ഞ. എ പ്പോഴും ചിരിക്കുകയും സന്തോഷിക്കുകയും എനിക്ക് കുപ്പിഗ്ലാസ്സിൽ ചൂട് ചായ ഒഴിച്ച് തരികയും ചെയ്യുന്ന  അവരെങ്ങനെ മരിക്കാനാണ്? അവരൊരു യാത്ര പോയതാണ്.തിരിച്ചു വരും .വീണ്ടും കാണും എന്നെങ്കിലുമൊരിക്കൽ"
കരഞ്ഞില്ല.ചിലർ നമ്മോടൊപ്പം തന്നെ എന്നും ജീവിച്ചിരിക്കുമെന്നും അവർ വരച്ചിട്ടു പോയ ചിത്രങ്ങളിൽ നമ്മളും ജീവിച്ചിരിക്കുമെന്നും മരങ്ങളും മണ്ണും പറയുന്നത് ഇപ്പോഴും കേൾക്കുന്നുണ്ട്.

Tuesday, April 17, 2018


അൽഷീമേഴ്‌സ്..
****************************
ഞാൻ ഞാനല്ലാതെയാകുമ്പോൾ മാത്രം
നീയെന്നെയും കൂടെ കൂട്ടണം .
നീ നീയായി നിന്നന്ന്
ഞാനാരെന്നെന്നോട് പറയണം .

നീ പറഞ്ഞ വാക്കുകളിൽ
ഞാൻ മറന്ന നോക്കുകളിൽ
പിന്നെയും ചിക്കി നോക്കി നീ
നമ്മുടേത് ചിലത് കണ്ടെത്തണം .

ഞാൻ മരിക്കാഞ്ഞ ഇന്നലെകൾ
ഞാനുറങ്ങുന്ന ഇന്നുമായ്
കൂട്ടിവെച്ചു കലർത്തി നീ
എന്റെ നാളെകൾ തീർക്കണം.

ഞാനറിയാത്ത നീയായി
എന്റെ മുന്നിലിരിക്കുമ്പോൾ
നോവ്വീഴാത്ത കണ്ണുമായ്
നീ എന്നെ നോക്കി ചിരിക്കണം

ഞാൻ ചികയുന്ന ഓർമ്മകൾ
ചാരമായെന്നെ മൂടുമ്പോൾ
നീ വിള ക്ക് തെളിച്ചെന്റെ
കൂര മുന്പിലിരിക്കണം.
കാവലിന്നൊരു കാറ്റായി
കൂരിരുളിന് കൂട്ടായി
മാഞ്ഞുപോയൊരെൻ  ബോധത്തിൽ
 വെറുതെ കുത്തി വരയ്ക്കണം.

ഒരേ  നിമിഷത്തിന്റെ വിടവുകളിൽ
പതിയെപ്പതിയെ ഞാനലിയുമ്പോൾ
വെറുതെ പൊട്ടിച്ചി രിക്കുമ്പോൾ
ഭാവം മാറിക്കരയുമ്പോൾ
പണ്ടു പങ്കിട്ട കാര്യങ്ങൾ
വീണ്ടുമെന്നോട് പറയണം.

നിന്നെയറിയാത്ത ഞാനായി
നിന്നെയോർക്കാത്ത മറവിയായി
നിന്നോടൊപ്പം ഞാനിരിക്കുമ്പോൾ
എന്നെ നീ ചുമക്കണം.

പിന്നെ ഞാനൊരിക്കലീ
മണ്ണിൽ വീണു  ദ്രവിക്കുമ്പോൾ
എന്നെയറിയാത്ത നീയായി
കണ്ണ് നിറയാത്ത മറവിയായി
ഒന്നും മിണ്ടാതെ ഓർക്കാതെ
മെല്ലെ തിരികെ  നടക്കണം.



Monday, April 16, 2018


കപടനാടകം
***************


ചില നേരങ്ങളിൽ നിങ്ങളിൽ നിന്ന്
അസാധാരണവും അനിർവചനീയവുമായൊരു
"പെൺ കരുണ "പുറത്തേയ്ക്കു
റബ്ബർ പാല് പോലെ ഊറിവരും.

തലേന്നാള് പോലും പെണ്ണിനെ തള്ളിപ്പറഞ്ഞ  നാവു
ഇന്നവളുടെ ദൈവികത്വത്തെ വാഴ്ത്തുന്നതെന്തിന് 
എന്നൊക്കെ ചില ബുദ്ധിയില്ലാത്ത മനസ്സുകൾ അമ്പരക്കും.

ജനിക്കും മുൻപ് കൊല്ലണം എന്നാഹ്വാനം ചെയ്തവനും
തല മുതൽ കാൽവിരൽ വരെ മൂടി
മണ്ണറിയാതെ നടന്നു കൊള്ളണം എന്ന് കല്പിച്ചവനും
പെണ്ണിന് വേണ്ടി പ്രത്യേക സദാചാര പുണ്യാഗ്രൻഥം എഴുതിയവനും
പെണ്ണിനെ ഇണയാക്കാൻ പൊന്നിന്റെ തൂക്കം നോക്കിയവനും.
പെണ്ണിനെ എന്നും തല്ലി  സ്വന്തം പുരുഷത്വം  ഉറപ്പിക്കുന്നവനും
പെണ്ണ് ചാടിയാൽ ചട്ടിയോളം എന്ന് പുച്ഛിച്ചവനും
അടുക്കളയിൽ പിടിച്ചടച്ചിട്ടവനും
ആണിന് വേണ്ടി പെണ്ണിനെ തള്ളിപ്പറഞ്ഞവനും
എല്ലാം ഒരേ കുടക്കീഴിൽ നിരന്നു നിന്ന്
ഒരു പെണ്ണിന് വേണ്ടി അലറിക്കൂകുന്നതെന്തിനാവും
എന്നൊക്കെ വെറുതെ തോന്നിപ്പോകും.

ചിന്തിക്കാനറിയാത്ത കാഴ്ചക്കാരും ചിന്തിക്കും.

അപ്പോൾ ബൾബ് കത്തും.

പെണ്ണല്ല വിഷയം.

ആണിന്റെ ധാർഷ്ട്യം മാത്രമാണ്,
ആണിന്റെ രാഷ്ട്രീയത്തിന്റെ മതം ഏതാണ്
മുന്തിയത് എന്നത് മാത്രമാണ് സമസ്യ.

അതിനിടയിൽ ചവിട്ടിക്കൂട്ടി കീറിമുറിച്ചു
വലിച്ചെറിഞ്ഞ പെണ്ണ് ചതുരംഗപ്പലകയിൽ
വെട്ടിപ്പോയ കാലാൾ ,കുതിര
അതേതിലോ  ഒന്നായി മേശക്കീഴിൽ കിടക്കും.

 അവൾക്കു വേണ്ടി ഹൃദയം പൊട്ടി
കരഞ്ഞതും വേദനയുടെ ചോര ശർദ്ദിച്ചതും
അവളെ പെറ്റ കോടിക്കണക്കിനു
അമ്മമാരും അച്ചന്മാരും മാത്രംആണെന്ന്
കാഴ്ച കണ്ടവരും തിരിച്ചറിയും!!


Thursday, March 8, 2018

പ്രണയം നഷ്ടമാവുമ്പോൾ ..

മഴകൾ പാടാതെയാകും
മിഴികൾ തുടിക്കാതെയാകും .
കാത്തിരിപ്പുകൾക്കു മുന്നിലേക്ക്‌ നീളുന്ന വഴികളിൽ
ഇലകൾ കൊഴിയാതെയാകും ..
പകലുകൾ രാത്രിയോട് ചാരുന്ന ചരിവുകളിൽ
വിടവുകൾ കാണാതെയാകും .
നിറങ്ങൾ പടരാതെയാകും .
കാറ്റും കതിരും പരസ്പരം മിണ്ടാതെയാകും
കഥകൾ ജനിക്കാതെയാകും ..

പ്രണയം നഷ്ടമാകുമ്പോൾ ..
കടലുകൾ ഇരമ്പാതെയാകും
കാറുകൾ പെയ്യാതെയാകും.
മരുപ്പച്ച മരുഭൂമിയാകും
കാടും മലയും പുഴയും വഴിയും
ഒരേ  കറുപ്പിൽ ഒടുങ്ങും ..

പ്രണയം ഇല്ലാതെയാകുമ്പോൾ
ചലനം നിലയ്ക്കുന്ന തീരങ്ങളിൽ
തിരകൾ അടുക്കാതെയാകും ..

Friday, March 2, 2018

മരിച്ചു പോയൊരു സ്ത്രീക്ക് സമർപ്പണം 
******************************************

ഹൃദയം തുറക്കുമ്പോൾ അടരുന്ന മുത്തിനെ
ഇഴയിൽ കൊരുക്കുവാൻ അറിയാതെ
 പൊഴിയുന്ന മഴയുടെ നനവിനെ മിഴികളിൽ
പുഴയായൊളിക്കുവാനറിയാതെ ,
വന്നു നീ ,നിന്നെന്റെ കരതലമെത്താത്ത
ദൂരത്തൊരന്തി തൻ നിഴലിൽ ,
കനലായി ചെഞ്ചുവപ്പിന്റെ കരളായി
ഉരുകുന്ന വിസ്മയം പോലെ.

ജാലകപ്പാളികൾക്കിപ്പുറം ഞാൻ നിന്നു
മറ്റൊരു സന്ധ്യയെപ്പോലെ .
നിന്നിൽ ഞാൻ കാണുകയായിരുന്നു എന്റെ
ഇനിയും എഴുതാത്ത കഥയെ.
പറയേണ്ടതെന്തെന്നറിയാതെ ഞാൻ നിന്നു
ഇടി മുഴക്കത്തിന്റെ തണലിൽ .
നിറമില്ലാ ജലമെന്റെ ശ്വാസ നിശ്വാസങ്ങൾ
കവരുന്ന ഭീതിയും പേറി.

മഞ്ഞുറയുന്ന വിരലുകൾ നീട്ടി നിൻ
വെണ്ണക്കവിളിൽ തലോടാൻ,
കണ്ണിലെ സൂര്യനെ നോക്കുവാൻ ,ആവാതെ
നിന്നു ഞാൻ കല്ലിനെപ്പോലെ ..
എങ്കിലും ഞാൻ കണ്ടു മറ്റാരോ കാണാത്ത
കോളു  പിടിച്ച സമുദ്രം.
കാറ്റും കരിങ്കാറും പേമാരി നെയ്യുന്ന
അറ്റമറിയാത്ത വാനം.

ഒരു മാത്ര മതിയായിരുന്നെന്റെ
ജീവന്റെ അർത്ഥം അറിയാൻ.
ഏകയായ് കൂട്ടത്തിൽ ഒപ്പം നടക്കുന്ന
ലോകങ്ങൾ ഏതെന്നറിയാൻ..


Tuesday, January 23, 2018


അടയാളം
***************
കാത്തിരിക്കുന്നവർക്ക് വേണ്ടി മാത്രം
ചിണുങ്ങിപെയ്യുന്നൊരു മഴ.
താളം ഉറപ്പില്ലാത്തൊരിടി വെട്ട്.
ഇലകളുടെ നെഞ്ചിൽ  പൊടിക്കുപ്പായം
അഴിഞ്ഞു മാറുന്ന നഗ്നത.
വായുവിലൊരു വെളിവ് .
ആകാശത്തിനു ശാന്തത.

അടക്കിപ്പിടിച്ച എന്തൊക്കെയോ
വിരൽ വിടവുകളിലൂടെ
ഉതിർന്നു പോയ തോന്നലിൽ
തറയിൽ പുല്നാമ്പുകളിൽ
മടിച്ചു നിൽക്കുന്ന  വെള്ളത്തുള്ളികൾ
തൊട്ടു ചികയുന്ന തണുപ്പ് .

മഞ്ഞു കാലം യാത്രാമൊഴിയുടെ
ആദ്യവരി മണ്ണിലെഴുതുകയാണ് .
വരാനിരിക്കുന്ന ഗ്രീഷ്മത്തിനെ
ഓർമിപ്പിക്കുകയാണ്.

Saturday, January 13, 2018



ലൈംഗികത
******************

വീണ്ടും വീണ്ടും നിന്നെ ആഗ്രഹിക്കുക എന്നതായിരുന്നു
എനിക്ക് ചെയ്യാൻ അറിയുമായിരുന്നത്.
നിന്നെ അറിയുക ,പിന്നെ
നിന്നിലൂടെ എന്നിലെത്തുക എന്നതും .

അതാണ് ഞാൻ ചെയ്തതും
ചെയ്തു ചെയ്തു തീർത്തതും.

നിന്റെ ഗന്ധത്തിനു തീയുടെ ലഹരിയുണ്ടായിരുന്നു.
നിന്റെ കരവലയം കാരിരുമ്പായിരുന്നു .
നിനക്ക് പകരം നീയില്ലായിരുന്നു.
എനിക്ക് പകരം ഞാൻ നിന്നെ കണ്ടെടുത്തു ,

ഋതുഭേദങ്ങളിൽ ഞാൻ നഷ്ടപ്പെട്ടു കൊണ്ടിരുന്നു.
രാപ്പകലുകളിൽ നീ വീണ്ടുമെന്നെ മെനഞ്ഞെടുത്തു .
കളിമണ്ണിന്‌ ജീവൻ വെയ്ക്കുകയായിരുന്നു .
ദാഹമോഹങ്ങളിൽ ,കാമത്തിൽ ,കാമനകളിൽ
കവിതകൾ എഴുതപ്പെടുകയായിരുന്നു ..

ഞാൻ സ്ത്രീത്വമായി പുനർജനിക്കുകയായിരുന്നു .
നീ പുരുഷനായി പരിണമിക്കുകയായിരുന്നു.

നാം നമ്മുടെ ആത്മകഥ എഴുതുകയായിരുന്നു...