Saturday, December 30, 2017

സമയം 
**************

(ഇന്നലെ..)

ചിരിക്കാനിനിയും  കഴിയുമെങ്കിൽ
ഞാനുമൊരിക്കൽ മടങ്ങി വരും
കരയാനാണ് വിധിയെങ്കിൽ
കടലുമെനിക്ക് അഭയം തരും.

പിരിയും മുൻപ് നീ പറയുന്നു 
പുണരും വാക്കുകൾ  ഇടറുന്നു

( ഇന്നുകളിൽ ..)

വഴികളിൽ ഇലകൾ നിറയുന്നു
മഞ്ഞ ച്ചോര പരക്കുന്നു .
വാടിയ വിളറിയ വെയിലിൻ  കീറുകൾ
അവിടെയുമിവിടെയും വീഴുന്നു.

 (നാളെ)

ഞാൻ നിന്നെ ഓർക്കുന്നത് ..
ഒരു കാറ്റുപോലെ
എന്നെയും തഴുകി
മരങ്ങൾക്കിടയിലൂടെ
നിറമെന്തെന്നറിയാത്ത
സന്ധ്യയിലേക്കുതിർന്നു വീണടർന്ന
ഒരു നിമിഷത്തെപ്പോലെ ..

ഞാൻ നിന്നെ അറിയുന്നത്
ഹൃദയം നിറയുവോളം തണുപ്പുതിർത്ത
ഒരു തലോടലിനെപ്പോലെ ..

ഞാൻ നിന്നെ കാത്ത് വെയ്ക്കുന്നത്
തിരിച്ചു വരണമെന്നാഗ്രഹിക്കാത്ത
 കൂട്ടില്ലാത്ത കനവിനെപ്പോലെ  ..

(അതിനുമപ്പുറം )

എനിക്കായി ഞാൻ യുഗങ്ങളോളം
ഒറ്റക്കിരുന്നുണ്ടാക്കിയ
നോഹയുടെ പേടകം.
ഭൂമിക്കുമപ്പുറത്ത്
പ്രപഞ്ചത്തിനുമപ്പുറത്ത്
അതിലുമെന്തിനോക്കെയോ അപ്പുറത്തു
ഒറ്റയ്ക്ക് പിന്നെയും അവശേഷിക്കുന്ന
ഒരു സ്വാർത്ഥത ,ഞാൻ ..


Wednesday, November 29, 2017

ഹൃദയത്തിലൊരില്ലം.
**************************************
മടുപ്പിന്റെ ചില മൂലകൾ
പഴമണമൂതിർത്തു   കിടക്കുന്നു.
അവിടെ തൂങ്ങും  ചിലന്തി വല
ആരെയോ കാത്തിരിക്കുന്നു.

പൊടി പിടിച്ച കോണുകൾ
വിരൽപ്പാടുകൾ   തേടുന്നു.
കാറ്റു കയറാത്ത വിടവുകൾ
അന്ധകാരത്തെയൂട്ടുന്നു  

ഒച്ചയില്ലാത്ത ഭിത്തികൾ
പൊട്ടുമെന്നോർത്തു കിടുങ്ങുന്നു .
ഒറ്റയ്ക്കായ മച്ചുകൾ
പൊക്കത്തെയും ഭയക്കുന്നു .

ആരും  ചാരാത്ത തൂണുകൾ
ഏകാന്തമായ  തിണ്ണകൾ.
ആണിയിൽ തൂങ്ങും ഫോട്ടോയ്ക്ക് കാവലാൾ
വെറ്റിലച്ചെല്ലംഒറ്റയ്ക്കും

അടഞ്ഞ ജനലിന്റെ ചിന്തകളിൽ   
പരക്കുമാകാശ  വീഥികൾ.
പൂത്തു നിൽക്കുന്ന താരകൾ
പാട്ടു പാടുന്ന രാവുകൾ .

മങ്ങി നിറം പോയ ഓടുകളിൽ
തങ്ങി നിൽക്കുന്ന പാടുകളിൽ
വേനലിന്റെ വെറുപ്പുകൾ
വർഷകാലപ്പിഴവുകൾ
മഞ്ഞു തന്ന വിഴുപ്പുകൾ
മരം പെയ്തൊഴിഞ്ഞ തണുപ്പുകൾ.

ആളൊഴിഞ്ഞ വരാന്തക ളിൽ
മാറാല വീണ ബൾബുകൾ.
 പൂട്ടിയിട്ട വാതായനത്തിന്റെ
കൂട്ടിനായിചില   പല്ലികൾ .

നീണ്ട നിദ്രയിലെപ്പോഴോ
വീണുറഞ്ഞു  പോയ  കൽ ത്ത റകൾ
വീണ്ടുമൊന്നുണർത്താൻ ആരും
ചെന്ന് കേറാത്ത നിലവറകൾ .

പുഴ വരണ്ടൊരു നടുമിറ്റം
പഴമ ധ്യാനിച്ചു വടക്കിനി
വഴി തിരയുന്ന തെക്കിനി
കഥ  മറന്ന കുറേയുരുളികൾ

ക്ലാവ് മോന്തിയ വിളക്കുകൾ
കാലം കാറ്റിൽ ചോർത്തിയ നാളങ്ങൾ
കരി ബാക്കിയാക്കിയ കാവുകൾ
നാലുകെട്ടിന്റെ കഥകളോർമ്മിച്ചു   
നാട് നീങ്ങിയ നാഗങ്ങൾ ..

കരിയിലക്കാട് കടല് വിരിക്കുന്ന
കോഴി കൂകാത്ത മുറ്റങ്ങൾ
പൊന്തകൾ പൊങ്ങി മതിലു കെട്ടുന്ന
വിജനമായ പറമ്പുകൾ.

ഹൃദയമിപ്പോഴും ഏന്തുന്നു ,
ഇടിഞ്ഞു വീഴാത്ത കെട്ടുകൾ
തകർന്നടിയാത്ത പടവുകൾ

എരിഞ്ഞു തീരാത്ത പഴമകൾ.

Thursday, October 26, 2017

ബോധോദയം .
****************
ചെറുതും വലുതും ഇടത്തരവും ആയ
കറുത്തും വെളുത്തും വളർത്തും തുടുത്തുമുള്ള
ഒരു പാട് ലോകങ്ങൾ ഉണ്ടായിരുന്നു.
കരഞ്ഞും ചിരിച്ചും കൊടുത്തും എടുത്തും
നടന്നും കിടന്നും പോകാറുണ്ടായിരുന്നു .
ചെല്ലുന്നിടത്തെല്ലാം കഥ പറഞ്ഞും
പാ ട്ടു കേട്ടും തല്ലുകൂടിയും പ്രണയിച്ചും
സ്നേഹിച്ചും വെറുപ്പിച്ചും
പിരിയാറുണ്ടായിരുന്നു.

പിന്നീടൊരുനാൾ
കോട്ട മതിൽ പുറത്തേക്കുള്ള
കവാടം അടച്ചു.
കാറ്റിനും മഴയ്ക്കും വെയിലിനും
ബാക്കി നിന്ന കൂലി കൊടുത്തു
പിരിച്ചയച്ചു.
തുമ്പികളോടും പൂമ്പാറ്റകളോടും
സ്വപ്നം കാണുന്ന പൂവ് തേടി
ഇനിയിങ്ങോട്ടു വരേണ്ടതില്ലെന്നു
മൊഴിഞ്ഞു.
ബാക്കി വന്ന പൂന്തോട്ടം
പിന്ഗാമികൾക്കെഴുതിക്കൊടുത്തു .

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ
ആകാശത്തേക്ക് തുറക്കുന്ന ഒരു
വാതായനം പണിതു.
ഭൂമിയിലേക്കിറങ്ങുന്ന
കല്പടവുകൾക്കപ്പുറം
പിത്തളപ്പിടിയുള്ള പൂട്ടിട്ടു
മരവാതിൽ  കൊട്ടിയടച്ചു.

ഇരുട്ട് നിറഞ്ഞ കിണറുകളിൽ
തവളകൾ ആര്മാദിക്കുന്ന ഒച്ചയും കേട്ട്
വെറുതെ ഇരുന്നു.
ഹൃദയത്തിൽ ശാന്തി നിറഞ്ഞു.
പകലും ഇരവും വന്നുപോകുന്നത്
നിലയ്ക്കുകയില്ലെന്നും
രാത്രി നക്ഷത്രങ്ങൾ മിന്നിമിന്നി പ്പൊലിയുകയില്ലെന്നും
കണ്ടു പിടിച്ചു.

 യാത്ര തുടങ്ങുന്നത് ഇരുന്നിടത്തു നിന്നും
അനങ്ങാത്തവരിലാണെന്നു
തിരിച്ചറിഞ്ഞു.
ഒടുക്കവും തുടക്കവും തോന്നലുകളിലാണെന്നു
ബോധവത്ക്കരിക്കപ്പെട്ടു .

അപ്പോൾ 
പറയാൻ ഇനി ഒന്നും പുതുതായി
ഇല്ലെന്നും
ബാക്കിയായിട്ടില്ലെന്നും

മാനസാന്തരപ്പെട്ടു ..

Saturday, October 14, 2017

മോചനം.
****************
പണ്ട് ഞാൻ നിന്നോട് പറഞ്ഞതും
പിന്നെ നീ എന്നോട് പറഞ്ഞതും
ചേർത്ത് വച്ചു കൂട്ടിക്കിഴിച്ചാണ്
പിന്നീട്
 നാം നമ്മോടു പറഞ്ഞതെല്ലാം
എന്നൊരു കണക്കു പുസ്തകം ഉണ്ടായത്.

ഞാൻ നിനക്ക് തന്നത് നീ
ഗുണനപ്പട്ടികയിലേക്കു പകർത്തി
നീയെനിക്കു തന്നത് ഞാൻ
ഗുണനവും ഹരണവും കഴിച്ച്
നിക്ഷേപമായി സൂക്ഷിച്ചു
പലിശ കൂട്ടി കൊള്ളാവുന്നൊരു
കനത്തിലാക്കി

സാമ്പത്തികോപദേഷ്ടാക്കൾ
നമുക്ക് ചുറ്റും വേണ്ടത്രയുണ്ടായിരുന്നു.
പ്രതിഫലേച്ഛ യില്ലാത്ത നിസ്വാർത്ഥികളുടെ
കൂട്ടും പിന്തുണയും
നമ്മുടെ ഭാഗ്യ രേഖയിൽ
അഖണ്ഡിതമായി പതിഞ്ഞിരുന്നു.

കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
അലമാരകളിൽ സ്ഥലമില്ലാതായി .
മുറികളും മുറങ്ങളും വാക്ക് കൊണ്ടും
നോക്ക് കൊണ്ടും നിറഞ്ഞു .

അടുക്കള വെള്ളത്തിൽ മുങ്ങി
കരച്ചിലും കണ്ണീരും
തീയും പുകയുമായി
അടുപ്പിനെ കത്തിച്ചു കരിച്ചു.

ഊണു മേശക്കിരു പുറവും  നിന്ന്
കസേരകൾ കൊഞ്ഞനം കുത്തി.
പാത്രങ്ങളും തവികളും
തറയിൽ കിടന്നു തമ്മിൽ പോരടിച്ചു
മുറിഞ്ഞപ്പോൾ പരസ്പരം
ഉപ്പും മുളകും തേച്ചു സഹായിച്ചു.

എല്ലാം കണ്ടു നിന്ന വാതിലും ജനലും
വിജാഗിരികൾക്കിടയിൽ നിന്ന്
കുതറിയോടാൻ നോക്കി .
ഫലിക്കാതെ വന്നപ്പോൾ
ഭിത്തികളിൽ തലയടിച്ചു.

മേൽക്കൂര താങ്ങി താങ്ങി തളർന്നു.
ഇനിയും നിന്നാൽ കുഴഞ്ഞു വീഴുമെന്നായപ്പോൾ
തറ സത്യം പറഞ്ഞു.

' വീടിനു പ്ലാൻ വരക്കപ്പെട്ടിട്ടില്ല '

അപ്പോഴാണ് നീയും ഞാനും സത്യമറിഞ്ഞത്.
അസ്ഥിവാരം പെരുച്ചാഴി കൊണ്ട് പോയിരിക്കുന്നു.

ഇനിയും നിന്നാൽ ചിതലരിക്കുമെന്ന് ഭയന്ന്.
പൂച്ചയും പട്ടിയും തിണ്ണ  കടന്നു പോയി.
 തടിച്ച പുസ്തകത്തിൽ
ഒപ്പു വെച്ച്
മുറികളില്ലാത്ത  മറ്റൊരു വീട് കിട്ടുമെന്ന്
പ്രതീക്ഷിച്ചു
കൈകൊടുത്തു
തെക്കോട്ടും വടക്കോട്ടും നമ്മളും
പിരിഞ്ഞു.
.



Wednesday, September 27, 2017

കുണ്ടു കിണറുകൾ
******************************

ജാഡ കാണിക്കാൻ വേണ്ടി മാത്രം അനാവശ്യമായി മറ്റുള്ളവരുടെ ആസനം താങ്ങുന്ന സ്വഭാവം അംഗീകരിക്കാൻ  ബുദ്ധിമുട്ടാണ്.പ്രയോഗികമായതും യുക്തിനിഷ്ഠമായതും  അവനവനു നാശമുണ്ടാക്കാത്തതും ആയ കാര്യങ്ങളെ ആണ് മനുഷ്യർ ആദ്യം സ്വയം സ്വീകരിക്കേണ്ടത് എന്നാണ് വിശ്വാസം.എല്ലാവര്ക്കും എന്തും പരീക്ഷിച്ചു നോക്കാൻ മാനുഷികമായ അവകാശമുണ്ട്.മതവും രാഷ്ട്രീയവും വസ്ത്രധാരണവും കുടുംബസംവിധാനവും എല്ലാം അതിൽപ്പെടും.മനുഷ്യന്റെ സ്വകാര്യാവസ്ഥയുടെ ഭാഗം തന്നെയാണത്.ജാതി മത വ്യവസ്ഥകളും രാഷ്ട്രീയവും എല്ലാം നില നിൽക്കുന്നത് മനുഷ്യന് സംഘടനകളുണ്ടാക്കാനുള്ള ജന്മസിദ്ധമായ ഒരു പ്രോഗ്രാമിങിൽ നിന്ന് തന്നെയാണ്.അംഗ സംഖ്യ കൂടുന്തോറും  സംഘടനയുടെ ശക്തിയും കൂടും.ഞാൻ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്നുള്ള വിശ്വാസവും  അതിനു വിരുദ്ധമായി മറ്റൊരുത്തന് ശരി ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധവുമാണ്  ഭൂരിപക്ഷം മനുഷ്യരുടെയും പ്രശ്നം.കാലഹരണപ്പെട്ട കുറെ ആശയങ്ങളും തലച്ചോറിൽ ചുമന്നു പുതിയ ഒരു മാറ്റത്തെയും സ്വീകരിക്കുകയില്ലെന്ന നിര്ബന്ധ ബുദ്ധിയുമായി ഇന്ന് നാൾ കഴിക്കുന്ന പലരും നാളെ തന്റെ വിശ്വാസവും പൂർണ്ണമായും ശരി ആയിരുന്നില്ല എന്ന് തിരിച്ചറിയും.ഇത്തരം തിരിച്ചറിവുകൾ മനുഷ്യ രാശി ഉദ്ഭവിച്ചതു മുതൽ ഉണ്ടായിട്ടുണ്ട്.ഇനിയും ഉണ്ടാകും. തിരിച്ചറിവുകൾ ആണ് ഓരോ രാജ്യത്തെയും ഓരോ സമൂഹത്തെയും കൂടുതൽ വികസനത്തിലേക്ക് നയിക്കുക.

Wednesday, September 20, 2017

ബാക്കി പത്രം.
***********************
ജീവിതം എന്ന് പറയുന്നത് ഒരു നിയോഗം മാത്രമാണ്.പലതും പരീക്ഷിച്ചറിയുവാനുള്ള ചെറിയൊരു യാത്ര.യാത്രയിൽ പലരെയും കാണും.മുഖം മൂടികൾ ധരിച്ചിരിക്കുന്നവരെ.മുഖം തുറന്നു വെയിലും മഴയും കൊണ്ട് നടക്കുന്നവരെ .വേദനിക്കുന്നവരെ ചിരിക്കുന്നവരെ സംസാരിക്കുന്നവരെ.സ്നേഹിക്കുന്നവരെ .സ്നേഹിക്കുന്നെന്നു വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നവരെ.
ഭീരുക്കളെയും ധീരന്മാരെയും കാണും .അന്ധരെയും ബധിരരെയും മിണ്ടാൻ അറിയാത്തവരെയും കഴിയാത്തവരെയും കാണും.
കാഴ്ചകൾ എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാഠ പുസ്തക ത്തിലെ അധ്യായങ്ങൾ മാത്രമാണ്.
വിദ്യാർത്ഥിയുടെ കടമ പഠനം മാത്രം.
പഠിച്ചു കഴിയുമ്പോൾ അവൻ പുസ്തകം അടച്ചു വെക്കണം .
അധ്യായങ്ങളോട് അടുപ്പം പാടില്ല.സ്നേഹവും വിദ്വെഷവും ജനിപ്പിക്കാനായിരുന്നില്ല പാഠങ്ങളുടെ ഉദ്ദേശ്യം .മറിച്ചു എന്തൊക്കെ എങ്ങനെയൊക്കെ സംഭവിക്കാമെന്നും അതിനു പരിഹാരങ്ങൾ എന്തെന്നും ആണ് വിദ്യാർത്ഥി പഠി ക്കേണ്ടതും പ്രവർത്തികമാക്കേണ്ടുന്നതും.
പാഠ പുസ്തകത്തിലെ അധ്യായങ്ങൾ ഒന്നും പുതിയതല്ല.അത് തലമുറകളായി യുഗങ്ങളായി മനുഷ്യ ജന്മങ്ങൾ പ്രവർത്തിക്കുന്ന രീതികളാണ്.
പുതിയതായി എവിടെയും ഒന്നുമില്ല .
ജനനമെന്ന ഒന്നാം പേജ് മുതൽ മരണം എന്ന അവസാനത്തെ താള് വരെ എല്ലാ നാട്ടിലും എല്ലാ കാലത്തും എല്ലാ മനുഷ്യരും വായിച്ചതും പഠിച്ചതും ഒരേ വിഷയങ്ങൾ തന്നെയാണ്.
അതാണ് മനുഷ്യ ജന്മങ്ങളുടെ പരിമിതിയും.
അത് കൊണ്ട് തന്നെ പക,വൈരാഗ്യം,വെറുപ്പ്,അസൂയ തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾക്ക് പ്രസക്തിയും ഇല്ല.
മനുഷ്യ കുലത്തിനെയും ഭൂമിയെയും സംരക്ഷിക്കുന്ന വികാരങ്ങൾക്കേ സ്ഥാനമുള്ളൂ .കാരണം നാളെ ഇനിയും മനുഷ്യർ ജനിക്കും.ഇപ്പോഴുള്ളവർ ഒഴിഞ്ഞു പോവുന്ന ബെഞ്ചുകളിൽ ഇരുന്നു പുതുതായി വരുന്നവർ ഇതേ പുസ്തകം തന്നെ പഠിക്കും .അവർക്കായി സൃഷ്ടിപരമായ എന്തെങ്കിലും നീക്കി വെക്കാൻ ഇപ്പോഴുള്ളവരുടെ ബുദ്ധിയിലും പ്രവർത്തിയിലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവണം.

Thursday, September 14, 2017

വേദന
**************
ഇനിയെവിടെ തിരയും ഞാൻ.
ഇരുളെടുത്ത കനവുകളെ
മെലിയുന്നൊരു മഴയുടെ മിഴിയിൽ
അലിയും നിൻ ഓർമ്മകളെ .

അകലങ്ങളിനിയും പൂക്കും
പകലുകളും നോവുകളും
അറിയാതെൻ നെഞ്ചിൽ പിടയും
നിൻ മുഖവും വാക്കുകളും..

ഇതുവരെ നീ വന്നെന്നൊപ്പം 
വഴിയിൽ പിരിയാനായ്
 ഒടുവിൽ നീയോതിയ  വാക്കിൻ
കനലിൽ ഞാനുരുകാനായ്..

ഇലകളിലെ കാറ്റും പാട്ടും
ഇടവഴിയിലെ യുച്ചകളും
തഴുകി നാമൊരുമിച്ചലഞ്ഞ
പുഴവക്കിലെ സന്ധ്യകളും.
 
പഴകില്ലെന്നുള്ളിലൊരിക്കലു -
മഴുകില്ലെൻവേദനകൾ
അവയിൽ നിന്നിനിയും  പൂക്കും

പ്രണയത്തിൻ കാമനകൾ .  .

Friday, September 1, 2017

വേർപാട് -സ്നേഹത്തിനൊരു ശ്രദ്ധാഞ്ജലി
***** ********************************************

മൗനം തുളുമ്പുന്ന വാക്കുകളിൽ
പ്രാണൻ തുടിക്കുന്ന പാട്ടുകളിൽ
തേടി നടക്കുകയാണിന്നു  ഞാൻ നിന്നെയെൻ
മോഹം മരിക്കുന്ന   രാവുകളിൽ..

നീയറിയാതെയെൻ കണ്ണീരു പുഞ്ചിരി
പൂക്കളായ് വാരിക്കൊടുക്കുന്നു ഞാൻ.
കീറിമുറിയുമെന്നാത്മാവിൻ  ചോരയാൽ
പൂക്കളം തീർത്തു പിടയുന്നു  ഞാൻ.

ഒന്നിനി കാണാനൊരു വാക്ക് മിണ്ടുവാൻ
ഒരു നാളുമരികിൽ നീ വരികയില്ല .
ഒരുമിച്ചു നാം നട്ട സ്നേഹവും ദാഹവും
ഒരു മഴക്കാറായ്  മറഞ്ഞു പോയി.
ഒരു വട്ടം കൂടിയീ വിണ്ണിൽ നിന്നുതിരാത്ത 
മൃത  വർഷബിന്ദുവായ്മാഞ്ഞു പോയി.
നിൻ  കര തലമെന്റ  മാറിലിനിയുമൊ-
ന്ന മരുമെന്നാശിച്ചു നിന്നുപോയി
ഒരു രാത്രി പക്ഷെ കിരാതനഖങ്ങളാൽ
ഹൃദയം വലിച്ചു പറിച്ചെടുത്തു.
ഒരുവെട്ടാൽ നമ്മെ രണ്ടാക്കി ഞാനതിൽ നിന്നും
ഒരു പതിനായിരം  തുണ്ടുകളായ് ..

കരയില്ല ഞാൻ ,പക്ഷെ വിരഹത്തിൻ വേദന
കരളിനെ കീറി നുറുക്കുമ്പോഴും
വെറുതെ ചിരിക്കുമെൻ മുഖമാണ് നിൻ നിറ
ചന്ദ്രനെന്നന്നു പറഞ്ഞില്ലേ നീ .
 കരിമുകിലായെന്റെ  വേദന നിൻ മുൻപി-
ലൊരുനാളും വെച്ച് മടങ്ങില്ല ഞാൻ.

ഇനിയുമിരിക്കും ഞാനീ കടൽ തീരത്തു
നിറയുന്ന നിൻ പാദസ്വനങ്ങൾ തേടി .
ഇളകിമറിയുന്നയലകളിൽ നിൻ കാൽ
ച്ചിലങ്കകൾ പകരുന്നയീണം തേടി ..

ഉണ്ടെനിക്കുള്ളിലുറപ്പ് നാം വീണ്ടുമൊ -
രു മഴക്കാലത്തു കണ്ടു മുട്ടും.
ന്നുമെന്നുള്ളിലെ യീണത്തിനൊത്തു നീ
പൊൻ മണൽ പാടത്തു ചുവടു വെയ്ക്കും.
                                   
                                        ********

Monday, August 14, 2017

ശൂന്യത.
******************
എവിടെയോ ഒരു ശൂന്യത.
ഒളിച്ചിരിക്കുകയാണ് .
എന്നോ കയറിപ്പറ്റിയതാണ്.അറിയില്ല എവിടെ വെച്ച് എപ്പോൾ എങ്ങനെ എന്ന്.
പക്ഷെ എന്നും കൂടെയുണ്ടായിരുന്നു എന്നറിയാം.മിണ്ടുന്നവരും മിണ്ടാത്തവരും കാണുന്നവരും കണ്ടില്ലെന്നു നടിക്കുന്നവരും കയറിയിറങ്ങി നടക്കുമ്പോഴും ചിലപ്പോൾ ഇട്ടിട്ടു പോകുമ്പോഴും എപ്പോഴും അത് മാത്രം കൂടെ തന്നെ നിന്നു .കാണാമറയത്തെങ്ങോ.പരാതി പറയാതെ.ഗൗനിക്കാറില്ലെന്നു പരിഭവിക്കാതെ.
ഒച്ച വെച്ചും കെട്ടിപ്പിടിച്ചുമ്മ കൊടുത്തും ലോകവുമായി സല്ലപിക്കുമ്പോൾ അത് മാത്രം നോക്കി നിന്നു.ഉപദേശിക്കാതെ .അഭിപ്രായങ്ങളില്ലാതെ .
ആവശ്യമില്ല നിന്നെ ഓടിപ്പോയ്ക്കോളൂ എന്ന് പറയാതെ പറഞ്ഞു നോക്കി.കേട്ടില്ലെന്നു നടിച്ചു അത് പുറം തിരിഞ്ഞു നിന്നു.
“ഗർഭ പാത്രത്തിൽ നിന്നിറങ്ങി വരുമ്പോൾ കൂടെ കൊണ്ട് വന്നതല്ലേ എന്നെ അത് നീ മറന്നു പോയോ” എന്നൊരു ഭാവം അതിന്റെ മിഴികളിൽ ഉണ്ടായിരുന്നു.
അവഗണിക്കാനായില്ല.കൂടെ നടന്നോളൂ എന്ന് മാത്രം പറഞ്ഞു.

വഴികളിൽ ഇനിയും കൂട്ടുകാരെ കിട്ടുമെന്നും അവർക്കുള്ളിൽ വജ്രങ്ങളെക്കാൾ തിളക്കമുള്ള മറ്റേതൊക്കെയോ    ശൂന്യതകൾ ഒളിച്ചിരിപ്പുണ്ടാവുമെന്നും അവയോടൊക്കെ കൂട്ട് കൂടി ഒരു നാൾ നമുക്കൊരു ശൂന്യ ലോകത്തിൽ എത്തിച്ചേരാമെന്നും പ്രത്യാശ നൽകി അതിപ്പോഴും കൂടെയെ വിടെയോ  ഒളിച്ചിരിക്കുകയാണ് .