Monday, July 24, 2017

ചില തോന്നലുകൾ ചില നേരങ്ങളിൽ .
*******************************************
'ഗതികേട് ' എന്ന വാക്കിനു ജീവിതത്തിൽ വലിയ വിലയുണ്ട്.'നോ അദർ ഓപ്ഷൻ' എന്നൊരു അവസ്ഥയെ ആണ് വാക്ക് എപ്പോഴും ഓർമ്മിപ്പിക്കുക.
'ഗതികേട് കൊണ്ടാണ് ഞാൻ ജോലി ചെയ്യുന്നത്.,ഗതികേടുകൊണ്ട് ഞാൻ അവരോടൊപ്പം ജീവിക്കുന്നു,'ഇത്തരം വാചകങ്ങൾ മിക്കപ്പോഴും കേൾക്കാറുണ്ട്.സ്വകാര്യമായി പറയുകയാണെങ്കിൽ ഞാനും പലപ്പോഴും ഗതികേട് എന്ന ഭാവം അനുഭവിച്ചു നോക്കിയിട്ടുണ്ട്.പക്ഷെ അവയിൽ അപൂർവ്വം ചില അവസരങ്ങൾ മാത്രമാണ്  യഥാർത്ഥത്തിൽ ഗതികേട്  ആയിരുന്നത്.മറ്റുള്ളവ ഒരു മനോഭാവം ആയിരുന്നു.വേണമെങ്കിൽ അവസ്ഥയെ ഉപേക്ഷിക്കാൻ ആവുമായിരുന്നു.അതിനു വേണ്ട മറ്റു മാർഗ്ഗങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു.പക്ഷെ എന്ത് കൊണ്ടോ സ്വീകരിച്ചില്ല എന്ന് മാത്രം.അത് ഒരു പക്ഷെ  ഉറപ്പില്ലാത്തതു   കൊണ്ടോ ഭയം കൊണ്ടോ ലക്ഷ്യം വ്യക്തം അല്ലാതിരുന്നത് കൊണ്ടോ ഒക്കെ ആകാം.
മനുഷ്യർ ബാല്യാവസ്ഥയിൽ അനുഭവിക്കാറുള്ള ഗതികേടുകൾ 'ദാരിദ്ര്യം,അനാഥത്വം,രോഗങ്ങൾ,വിദ്യാഭ്യാസത്തിനുള്ള അവസര നഷ്ടങ്ങൾ,മുതിർന്നവരുടെ ക്രൂരതകളും,പീഡനങ്ങളും നിസ്സഹകരണങ്ങളും ഒക്കെയാണ്.യുദ്ധം ,ശാരീരികവും മാനസികവുമായ മുറിവുകൾ,നിരന്തരമായ സ്ഥാനചലനങ്ങൾ ,മാതാപിതാക്കളുടെ മദ്യപാനം,വഴക്കുകൾ,മറ്റു ദുസ്സ്വഭാവങ്ങൾ ,തലക്കുമീതെ മേൽക്കൂരയില്ലായ്മ,ഉണ്ടെങ്കിലും സംരക്ഷണം ലഭിക്കാതിരി ക്കൽ  ,തെരുവുകളിൽ ജനിക്കേണ്ടി വരുക,യാചിക്കേണ്ടി വരുക,എച്ചിൽക്കൂനകളിൽ നായ്ക്കളോടും  പശുക്കളോടും  ഒപ്പം  ഭക്ഷണം തിരയുകയും തട്ടിപ്പറിക്കുകയും ചെയ്യേണ്ടി വരുക ,നാടും വീടും രാജ്യവും ഉപേക്ഷിക്കേണ്ടി വരുക,നിരന്തരമായി പ്രാണഭയത്തിൽ ജീവിക്കേണ്ടി വരിക,പ്രകൃതി ക്ഷോഭങ്ങളുടെ ദുരന്തങ്ങൾക്കിരയാവുക  -ഇങ്ങനെ എണ്ണിത്തീരാത്ത ഗതികേടുകൾ ഏതു മനുഷ്യ ശിശുവിനും വന്നു ഭവിക്കാം.ഇവ യഥാർത്ഥ ഗതികേടുകൾ തന്നെയാണ് രക്ഷകരുടെ സഹായ ഹസ്തങ്ങൾ നീട്ടപ്പെടുന്നില്ല എങ്കിൽ.നശിച്ചു പോവുക എന്നത് ആണ് അവസ്ഥകളിൽ ഏറ്റവും അധികം കാണപ്പെടുന്ന അവസാന ഫലം .
പക്ഷെ ചിലപ്പോൾ ഗതികേടുകൾ തന്നെ 'ബ്ലെസ്സിങ്സ് ഇൻ ഡിസ്ഗൈസ്‌ 'ആവാറും  ഉണ്ട്.ചിലപ്പോൾ അവ അത്യധികം ശക്തരായ മനുഷ്യരെ സൃഷ്ടിക്കുന്നു.'തീയിൽ കുരുത്തത് വെയിലത്തു വാടില്ല 'എന്ന പഴമൊഴി അന്വർത്ഥമാക്കുന്നു .
ജീവിതത്തിൽ വയസ്സുകൊണ്ടും അനുഭവങ്ങൾ കൊണ്ടും ദിവസങ്ങളിലൂടെയും മാസങ്ങളിലൂടെയും വര്ഷങ്ങളിലൂടെയും വളർന്നു വരുമ്പോൾ പല ഗതികേടുകളും ആപേക്ഷികം മാത്രമാണ് എന്ന് മനസ്സിലാകും. എല്ലാ ചോദ്യത്തിനും ഒരു ഉത്തരം ഉണ്ടെന്നും എല്ലാ പ്രശ്നത്തിനും ഒരു സമാധാനം ഉണ്ടെന്നും ജീവിതം തന്നെ പഠിപ്പിക്കുകയും ചെയ്യു0.പല ഗതികേടുകളും പിന്നീട് സംഭവിക്കുന്നത് സ്വന്തം ഉറപ്പില്ലായ്മയോ,അവനവനിൽ തന്നെയുള്ള വിശ്വാസക്കുറവ് കൊണ്ടോ ആണ്.
വിദ്യാർത്ഥി ജീവിതത്തിൽ എന്ത് പഠിക്കണം ,എന്നെക്കൊണ്ട് എന്താണ് കഴിയുക എന്ന് ചിന്തിക്കാൻ ബുദ്ധിയുള്ള കുട്ടികളും അവരുടെ സംരക്ഷകരായ കുടുംബവും അധ്യാപകരും മറക്കുന്നു.സാമൂഹികമായ ഒരു ഉത്തരവാദിത്തം ഒരു രാജ്യത്തു ജീവിക്കുന്ന ഓരോ ആരോഗ്യമുള്ള പൗരനും രാജ്യത്തോടും അവനവന്റെ സമൂഹത്തോടും ഉണ്ടെന്നും പഠിപ്പിച്ചു കൊടുക്കാൻ അത് ചെയ്യേണ്ടവരും പഠിക്കാൻ അതിനു ബാധ്യസ്ഥരായവരും മറക്കുന്നു.വ്യക്തി സ്വാതന്ത്ര്യം എന്നാൽ എന്താണ്?എവിടെയാണ് അതിന്റെ അതിർവരമ്പ്,മറ്റുള്ളവരെ പ്രയാസപ്പെടുത്താതെ എവിടെ വരെ എനിക്ക് പോകാൻ അവകാശമുണ്ട്?-ഇങ്ങനെയുള്ള ചോദ്യങ്ങളെ മനസ്സിലാക്കാനും ഉത്തരം അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും കണ്ടെത്താനും മുതിർന്നവർ മിനക്കെടുക യും അവ      അടുത്ത തലമുറയെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഗതി കേടുകളുടെയും ശൃംഖല ആരംഭിക്കുന്നു.
അവനവനു ഇഷ്ടമുള്ളത് പഠിക്കാൻ കഴിയാതെ 'ഞാൻ ഇവിടെ ആരുമല്ലെന്നു 'തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിൽ എത്തിപ്പെട്ടു അവിടുത്തെ നിയമങ്ങളെ പാലിക്കാനോ ഓട്ടപ്പന്തയത്തിൽ വിജയിക്കാനോ സാധിക്കാത്ത യൗവ്വന പ്രായക്കാർ റിബലുകൾ ആവുന്നു.അതിനു കഴിയാത്തവരോ ശ്രമത്തിൽ പരാജയപ്പെട്ടവരോ ആത്മഹത്യ ചെയ്യുന്നു.
ഇനിയുമുണ്ട് ഗതികേടുകൾ .
പഠിച്ചു ,പക്ഷെ ജോലി കിട്ടുന്നില്ല ,കാരണം പലതാണ്.അത് പ്രകടനങ്ങളുടെ കുറവോ ജാതിയോ മതമോ,ഓട്ടപ്പന്തയത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണക്കൂടുതലോ എന്തുമാവാം  .ധൈര്യം ഉള്ളവർ പ്രശ്നം സൃഷ്ടിക്കുന്ന രംഗം വിടുന്നു ,സാധ്യത കൂടുതലുള്ള മറ്റൊന്നിലേക്കു തിരിഞ്ഞു അവിടെ ഭാഗ്യം പരീക്ഷിക്കുന്നു .തളർന്നു പോയവർ പതിവുപോലെ മനസികരോഗിയാവുന്നു.അല്ലെങ്കിൽ സ്വയം കൊന്നു നശിപ്പിക്കുന്നു.
തുടക്കം മുതലേ അവരിൽ ഒരു പക്ഷെ സാമൂഹികവും സ്വകാര്യവും ആയ ഉത്തരവാദിത്ത ബോധമോ ജീവിതത്തിന്റെ മൂല്യത്തെ ക്കുറിച്ചുള്ള ധാരണയോ കുറവായിരുന്നിരിക്കണം.മാനസിക രോഗികളെ ഉൾപ്പെടുത്തുന്നില്ല .അവർ സമൂഹത്തിന്റെ കടമയാണ് .
ജോലി കിട്ടി ,ഇനി വേണ്ടത് ഇണയാണ്.കുടുംബം ഉണ്ടാക്കണം ,കുട്ടികൾ വേണം.ജനസംഘ്യ നമ്മുടെ കുറ്റം കൊണ്ട് കുറഞ്ഞു പോകരുത്.മക്കളെക്കാൾ ഉപരി മാതാപിതാക്കളും അഭ്യുദയകാംഷികളായ മൊത്തം സമൂഹവും അതിൽ പ്രതിജ്ഞ ബദ്ധരാണ്.ജനസംഘ്യ കൂടിക്കൂടി രാജ്യം പൊട്ടിത്തെറിക്കാൻ പോകുന്നു എന്നതൊന്നും ഒരു കാര്യമേയല്ല.പക്ഷെ വിവാഹം കഴിക്കണം ,കുട്ടികളെ ജനിപ്പിക്കണം .അതാണ് പ്രകൃതി നിയമം.ബാക്കി പ്രകൃതി അതിനു വേണമെങ്കിൽ ഭൂകമ്പമായോ,സുനാമിയയോ,വെള്ളപ്പൊക്കമായോ,കൊടുങ്കാറ്റായോ,പകർച്ചവ്യാധി ആയോ നോക്കിക്കൊള്ളും.അങ്ങനെയാണ് ചരിത്രം തെളിയിക്കുന്നത്.മനുഷ്യന് പ്രകൃതിയോട് സിം ബയോ ടിക് റിലേഷൻ ഷിപ് വേണ്ട,നമ്മൾ ഭൂമിയെ ചൂഷണം ചെയ്യുക മാത്രം ചെയ്താൽ മതി.മരങ്ങൾ വെട്ടി വീടുണ്ടാക്കണം ,കുന്നു നിരത്തി വീടുണ്ടാക്കണം.കാടുവെട്ടി naadaക്കണം.തിരിച്ചു ഒന്നും കൊടുക്കേണ്ടതില്ല.എല്ലാം സൃഷ്ടി കർത്താവ് ,വിവിധ രൂപത്തിൽ,കൃഷ്ണനോ,അല്ലാഹുവോ ,വായുഗുരുവോ,ക്രിസ്തുവോ അതല്ലാതെ പേര് പോലും അറിയാത്ത മറ്റെന്തെങ്കിലുമോ ഒക്കെ ആയി നോക്കിക്കൊള്ളും.നമ്മുടെ കടമ  ഗ്ലോബൽ ഉഷ്ണം കൂട്ടുകയാണ്,മനുഷ്യരല്ലാത്ത സകലതിനെയും യാതൊരു അറപ്പും കൂടാതെ നശിപ്പിക്കുകയാണ്.
വിവാഹത്തെ കുറിച്ചാണല്ലോ പറഞ്ഞു വന്നത്.പലയിടങ്ങളിലും അത് ഒരു കച്ചവടമാണ്.കുടുംബ മെന്ന ബിസിനെസ്സ് യൂണിറ്റുകൾ തമ്മിൽ നടക്കുന്ന ഇടപാടുകൾ.സാമ്പത്തികമായി ലിംഗാടിസ്ഥാനത്തിൽ ഒരു യൂണിറ്റിന് ലാഭവും റ്റേതിന്   നഷ്ടവും സംഭവിക്കുന്ന ഒരു ബിസിനെസ്സ് ഡീൽ .
ബിസിനെസ്സ് ഡീലിനെ ഭയന്ന് ബലം കുറഞ്ഞ ലിംഗവിഭാഗമെന്നു മാംസപേശിയുടെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യലോകം അനാദികാലം മുതലേ   മുദ്രയടിച്ചിട്ടുള്ള പെൺ വിഭാഗക്കാർ പല കടുത്ത നടപടികളും സ്വീകരിക്കുന്നു.അതിന്റെ റേഞ്ച് 'പെൺ  ഭ്രൂണഹത്യയിൽ തുടങ്ങി നവവധുവിന്റെ ആത്മഹത്യയിൽ വരെയൊക്കെ എത്തി നിൽക്കാം.
വിവാഹം കഴിപ്പിക്കുകയും കഴിക്കുകയും ആണ് ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് പഠിപ്പിക്കുന്ന കുടുംബയൂണിറ്റുകളും സമുദായ യൂണിറ്റുകളും ജാതി മത യൂണിറ്റുകളും സുലഭമായി ഉണ്ടെങ്കിലും സ്വന്തം ഇണയെ സ്വന്തം ഇഷ്ട പ്രകാരം തിരഞ്ഞെടുക്കാൻ പല യൂണിറ്റുകളിലും അനുവാദം ഇല്ല എന്നതാണ്ഭൂമിയിലെ പല രാജ്യങ്ങളെയും ബാധിച്ചിട്ടുള്ള  മറ്റൊരു ഗതികേട്.
ഗതി കേടുള്ള രാജ്യക്കാരുടെ ഒരു രക്ഷ പരിപാടിയാണ് 'സദാചാരം'എന്ന പേരിൽ അറിയപ്പെടുന്ന ഒരു സമ്പ്രദായം. സമ്പ്രദായ പ്രകാരം ഒരു മനുഷ്യ ജീവിയുടെ ഫിസിയോളോജിക്കൽ ആവശ്യങ്ങളിൽ ഒന്നായ 'ഇണചേരൽ'എന്ന കർമം   മിക്കപ്പോഴും നിരോധിക്കപ്പെടുന്നു.ഇണചേരും മുൻപ് 'വിവാഹം 'എന്ന ലൈസൻസ് അത്യാവശ്യമായി വിഭാഗക്കാർ കാണുന്നു.ഇതും ഒരു മനുഷ്യ നിർമ്മിത ഗതികേട് ആണ്.കുടുംബമെന്ന വ്യവസ്ഥയെ സംരക്ഷിക്കാനും അതിൽ ഭാഗഭാക്കാവുന്ന വ്യക്തികളുടെ സാമ്പത്തികവും വൈകാരികപരവും ആയ സുരക്ഷാ ഉറപ്പു വരുത്താനും ഗതി കേടു സഹിക്കുന്നത് കൊണ്ട് ഫലം ഉണ്ടാവുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.രാജ്യങ്ങളിൽ നില നിൽക്കുന്ന നിയമ വ്യവസ്ഥിതികളിൽ ഇത്തരം സംഭവങ്ങൾക്കു വ്യക്തമായ റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ടെങ്കിലും 'ഗോ വിത്ത് ദി ക്രൗഡ് 'എന്ന ആശയം തന്നെയാണ് ഇത്തരം സമൂഹങ്ങളിൽ പോപ്പുലർ .
ജോലി സംബന്ധമായ ഗതികേടുകൾ .
ഇത് ഒരു പ്രധാനപ്പെട്ട വിഭാഗം തന്നെയാണ്.പൊരുത്തപ്പെടാനാവാത്ത  ജോലിസ്ഥ ലത്തെ അന്തരീക്ഷം,സഹകരിക്കാതെ സഹപ്രവർത്തകർ,ക്രൂരനായ ബോസ് ,ഓവർ വർക്ക് ലോഡ് ,ടെൻഷൻ,ഡെഡ് ലൈൻസ് ടു മീറ്റ് ,പ്രൊമോഷന് വേണ്ടി കുതികാൽ വെട്ടൽ,തൊഴുത്തിൽ കുത്തുകൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗതികേടുകൾ  .പക്ഷെ എല്ലാം പരിഹാരം ഉള്ളവ. സ്ട്രോങ്ങ് പീപ്പിൾ വിജയിക്കുന്നു .ബലക്കുറവുള്ളവർ പരാജയം സമ്മതിച്ചു  പിന് വലിയുന്നു
കുടുംബ പ്രശ്നങ്ങൾ .അടുത്ത ഗതികേട്
ഭാര്യ ഭർതൃ ബന്ധങ്ങളിലെ സ്വരച്ചേർച്ചകൾ ,പിഴവുകൾ ,മർദ്ദനം ,മദ്യപാനം,മക്കളുമായി അടിപിടി,സാമ്പത്തിക പ്രശ്നങ്ങൾ-ഗതി കേടുകളുടെ പട്ടിക നീളുന്നു .പരിഹാരങ്ങൾ ഉണ്ട്.പക്ഷെ തേടാറില്ല.കാരണം 'അടുത്ത വീട്ടിലെ നായ എന്ത് വിചാരിക്കും? അറിഞ്ഞാൽ മോശമല്ലേ'എന്ന ചിന്ത രീതി .സ്യൂഡോ ജീവിത ങ്ങളിൽ നമ്മെക്കാളും കൂടുതൽ നമ്മെപ്പറ്റി മറ്റുള്ളവർ എന്താണ് കരുതുന്നത് എന്നതാണ് പ്രധാന ആധി .നാം ജീവിക്കുന്നത് മറ്റുള്ളവരെ കാണിക്കാനാണ് നമ്മുടെ സംതൃപ്തിക്കല്ല എന്നൊരു അലിഖിത നിയമവും മിക്ക യിടത്തും ഉണ്ട്.വിവാഹ മോചനം എന്നതിനെ ഒരു ജീവിത പരാജയമായി കാണുന്ന ജനത അതിനെ അവോയ്ഡ് ചെയ്യാൻ ഏതറ്റം വരെയും അക്രമം സഹിക്കാനും അക്രമങ്ങൾക്കും അനീതിക്കും കൂട്ട് നിൽക്കാനും തയ്യാറുമാണ്.ഗതികേട് കൊണ്ടാണെന്നു (നോ ഓപ്ഷൻ എന്ന് സാരം)പറയുകയും ചെയ്യും.പേടിക്കേണ്ടതില്ല.നിങ്ങൾക്കെന്താ കയ്യും കാലും കണ്ണും മൂക്കുമില്ലേ?സ്വന്തമായി അധ്വാനിച്ചു സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പൊയ്ക്കൂടേ എന്നൊന്നും ആരും ചോദിക്കില്ല.മറിച്ചു ഇത് നിന്റെ വിധി അഥവാ തലേലെഴുത്ത് ,സഹിച്ചു ജീവിക്കുക അല്ലാതെന്തു മാർഗ്ഗം എന്ന് വീട്ടുകാർ അടക്കമുള്ള അഭ്യുദയ കാംക്ഷികൾ ചോദിക്കും.എന്തിനെ എന്നറിയാതെ ഒരു ഭയം എല്ലായ്പ്പോഴും നമ്മുടെ ഒപ്പം ഉണ്ട്.അതാണ് നമ്മുടെ മാർഗ്ഗ ദർശി.
ഇനി പ്രായം കൂടുമ്പോൾ ഉള്ള ഗതികേടുകൾ.
പണം ഉണ്ടാക്കിയിരുന്നു.പക്ഷെ എല്ലാം മക്കൾക്കും മറ്റു കുടുംബക്കാർക്കും കൊടുത്തു അല്ലെങ്കിൽ അവർക്കായി ചിലവാക്കി .സ്വന്തമായി ഒരു ഹെൽത്ത് ഇൻഷുറൻസ് ഇല്ല.രോഗം വന്നാൽ സർക്കാർ ആശുപത്രിയിലെ ഉന്തും തള്ളും  കൊണ്ട് അവസാന കാലം അങ്ങേയറ്റം അവിസ്മരണീയവും മധുരതരാവും ആക്കാം .സംരക്ഷിക്കണമെന്ന് തോന്നുന്ന ഹൃദയമുള്ള മക്കൾ ആണ് നിങ്ങളുടെ പരിപാലനത്തിൽ നിന്നും നിങ്ങൾ നിർമ്മിച്ച് വിട്ടതെങ്കിൽ നിങ്ങൾ ശരിക്കും ഒരു ഭാഗ്യവാൻ തന്നെ ,രോഗത്തിന്റെ പ്രയാസങ്ങൾ മാത്രം ഗതികേട് രൂപത്തിൽ അനുഭവിച്ചാൽ മതി.!
അവനവന്റെ മരണത്തിനു ശേഷം ശവസംസ്ക്കാര ചടങ്ങിനുള്ള ചെലവ് നേരത്തെ തയ്യാറാക്കി വെക്കുന്ന ഒരു പാശ്ചാത്യ ജനവിഭാഗവും ഇതേ ഭൂമിയിൽ ഉണ്ട്.എല്ലാം മുന്നിലെ കണ്ടു പദ്ധതി പണിഞ്ഞു വെക്കുന്നവർ.അവർക്കും ഉണ്ട് ഗതികേട്,വയ്യാതാവുമ്പോൾ വൃദ്ധാശ്രമത്തിൽ സുഖമായി ജീവിക്കാം.നല്ല മെഡിക്കൽ സംരക്ഷണം.ഹൃദയത്തിൽ നിന്ന് പക്ഷെ സ്നേഹവും അടുപ്പവും കൊച്ചു മക്കളോടൊപ്പം കളിച്ചുല്ലസിക്കാനുള്ള മോഹവും കളയണം.കുടുംബ വ്യവസ്ഥിതിയെ പലപ്പോഴും ഇഷ്ടമല്ലെങ്കിലും ഒരു സാമൂഹിക ആചാരവും ധർമ്മവുമായി കൊണ്ട് നടക്കുന്ന ജനതയ്ക്ക് പക്ഷെ ഗതികേടിന്റെ ചില നല്ല വശങ്ങളും ഉണ്ട് .
ചുരുക്കിപ്പറഞ്ഞാൽ എനിക്ക് തോന്നിയിട്ടുള്ളത് പല ഗതികേടുകളും യഥാർത്ഥത്തിൽ ഗതികേടുകൾ ആയിരുന്നില്ല എന്നാണ്.അവ സമയത്തിന്റെ ആവശ്യമായിരുന്നു.ചില പാഠങ്ങൾ  ആയിരുന്നു.പലതും പഠിക്കാനുള്ള ചില പുസ്തകത്താളുകൾ .ഇഷ്ടമില്ലാത്ത ആശുപത്രികളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.അനീതികൾ കണ്ടിട്ടുണ്ട് പക്ഷെ അവിടെയും ഞാൻ രോഗങ്ങളെയും മനുഷ്യരെയും കുറി ച്ചു പഠിച്ചു ,നമുക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് പഠിച്ചു .റെസിലിയൻസ് അഥവാ ഇലാസ്റ്റിസിറ്റി ,പ്ലാസ്റ്റിസിറ്റി ഒക്കെ എന്തെന്ന് പഠിച്ചു .പൂർവ്വാധികം ശക്തിയോടെ എങ്ങനെ തിരിച്ചു വരണം എന്ന് പഠിച്ചു ,ടഫ് നെസ് എന്തെന്ന് പഠിച്ചു .എങ്ങനെ  ആളുകളെ കൈകാര്യം ചെയ്യണം എന്ന് പഠിച്ചു .ഒരു പാഠവും നിസ്സാരമല്ല .

കുടുംബത്തിലും ആളുകളെ ആവശ്യമില്ലാതെ സഹിച്ചിട്ടുണ്ട് .കടമയാണെന്ന് കരുതി മിണ്ടാതെ ഇരുന്നിട്ടുണ്ട്.ക്രൂരതകളെയും,കുറ്റപ്പെടുത്തലുകളെയും അവഗണനയെയും,അവനവനു തണൽ ആവേണ്ടിയിരുന്ന വിഭാഗങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട് ,ജീവിതത്തിലെ ആദ്യത്തെ നാലു ദശാബ്ദങ്ങളിൽ യാതൊരു ഒച്ചയോ അനക്കമോ ഇല്ലാതെ എല്ലാം ശരിവെച്ചു മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു മുൻതൂക്കം നൽകിയിട്ടുണ്ട്.അത് കൂടുതലും അറിവ് കേടു കൊണ്ട് മാത്രമായിരുന്നില്ല മറിച്ചു ഉത്തരവാദിത്ത ബോധം കൂടിപ്പോയ തു കൂടി   കൊണ്ടായിരുന്നു. നാളുകളെ കുറിച്ച് പക്ഷെ പിന്നീട് പരാതി ഇല്ല.കാരണം ഗതികേടുകൾ എന്ന് ഞാൻ വിചാരിച്ചിരുന്ന അവസ്ഥകൾ ആണ് എന്നെ ഞാൻ എന്ന ശക്തയായ മനുഷ്യ ജീവി ആക്കിയതെന്നും അവസ്ഥകളിൽ നിന്നും ഞാൻ പുറത്തിറങ്ങി പോകാഞ്ഞത് സ്വ മനസ്സാലെ ആയിരുന്നു എന്നും ഇപ്പോൾ അറിയാം . ബോധം തന്നെയാണ് ഇന്ന് മധ്യ വയസ്സിലേക്കു കാലെടുത്തു വെക്കുമ്പോൾ എന്നെ ഒരു വിജയമായി കാണാൻ സ്വയം സഹായിക്കുന്നതും.

Sunday, July 23, 2017

പറഞ്ഞു തീരാതെ ചില ഇടവേളകൾ..
*****************************************************
കവിത ജനിക്കുന്നത് എപ്പോഴെന്നറിയില്ല.
ചിലപ്പോൾ അര്ധരാത്രിയാവും.
മഴയപ്പോൾ ചന്നം പിന്നം പെയ്യുന്നുണ്ടാവും.
അടർന്നു വീണു ചെളിയിൽ പുതഞ്ഞ ചെമ്പകപ്പൂവ്
മണം തീർന്നു അന്ത്യശ്വാസം വലിക്കുന്നുണ്ടാവും.
രതി കഴിഞ്ഞ മിഥുനങ്ങൾ പരസ്പരം വെറുത്തു
തിരിഞ്ഞു കിടന്നുറക്കം തുടങ്ങിയിട്ടുണ്ടാവും.
എവിടെയോ തണുത്തു വെറുങ്ങലിച്ചു
പുള്ളു കൾ ങ്ങുന്നുണ്ടാവും ,
തിളങ്ങാൻ കഴിയാത്തൊരു ബൾബ്
വലിഞ്ഞു വലിഞ്ഞു മിന്നുന്നുണ്ടാവും.
വിശപ്പ് വയറിനെ തിന്നുന്നുണ്ടാവും.
വിഷാദം ഏകാന്തതയോട് കൂട്ടം പറഞ്ഞിരിപ്പുണ്ടാവും,
മദ്യം ഒഴിഞ്ഞ ചില്ലു ഗ്ലാസ്സിലൊന്നു
നിലത്തു വീണു തകർന്നിട്ടുണ്ടാവും.
പ്രണയം നിലപാടുകൾ എടുക്കാനാവാതെ
തല ആമത്തോടിനകത്തേക്കു പിന് വലിച്ചിട്ടുണ്ടാകും.
ആരോ മരിച്ചു പിരിഞ്ഞു പോയൊരു വീട്ടിന്ന യൽ പക്കത്ത്
ഏതോ കുഞ്ഞു ജനിച്ചിട്ടുണ്ടാകും.

കവിത പേറ്റു നോവ് തുടങ്ങുന്നത് എപ്പോഴാണെന്നറിയില്ല .
അപ്പോഴൊരുപക്ഷെ
വെളിച്ചമില്ലാത്തൊരു വെളുപ്പിന്
പുല്ലുകൾ മഞ്ഞു തുള്ളി താങ്ങി
നട്ടെല്ല് വളയ് ക്കുന്നുണ്ടാകും
നട്ടുച്ച വെയിൽ വിരിച്ചുണക്കാനിട്ടിട്ടുണ്ടാകും.
കാറ്റടിച്ചു പറന്നുപോയ ഇലകൾ
സന്ധ്യക്ക്തീപിടിപ്പിക്കുന്നുണ്ടാവും
പകൽ മുഴുവൻ പണിതു മനം മടുത്തൊരാൾ
പടിപ്പുര കടന്നു തിണ്ണയിൽ കയറുന്നുണ്ടാവും.
കൊളുത്തി വെച്ച വിള ക്കു  നോക്കി പെൺകുട്ടി
മൊബൈൽ ഫോൺ തെരുപ്പിടിക്കുന്നുണ്ടാവും.
അമ്മമാർ അടുക്കളയിൽ കഞ്ഞിക്കലം നോക്കി
സ്വപ്നം കാണുന്നുണ്ടാവും.

കവിത നോവെടുത്തു ചീറിക്കരയുന്നത്
എപ്പോഴെന്നറിയില്ല .
ചിലപ്പോഴാ നേരങ്ങളിൽ
ഏതോ രാജ്യത്ത് ബോംബ് വീണു മക്കൾ കരിയുന്ന തു കണ്ടു
വിറങ്ങലിക്കുന്ന മാതാപിതാക്കളുണ്ടാവും .
കടല് കരയിൽ കയറി തിരയടിച്ചു മദിക്കുന്നുണ്ടാവും .
ഭൂമി കൂടുതൽ കുലുങ്ങി
വെറു പ്പു തീർത്തു രസിക്കുന്നുണ്ടാവും
ആരൊക്കെയോ എവിടൊക്കെയോ വേദനിക്കുന്നുണ്ടാവും
വേറെ കുറേപ്പേർ ചിരിച്ചു തകർക്കുന്നുണ്ടാവും.

കവിത ജനിച്ചു വീണു കരയുന്നതെപ്പോഴാണെന്നറിയില്ല.
സമയങ്ങളിൽ തന്നെ,
എവിടെയൊക്കെയോ പൊക്കിൾ കൊടികൾ
തുന്നിച്ചേർക്കുന്നുണ്ടാവും
വേറെയെവിടെയോ ബന്ധബന്ധനങ്ങൾ
മുറിച്ചു വീഴ്ത്തുന്നുണ്ടാവും
കര യാനറിയാത്ത ചിലർ കരൾ മരിച്ചു
അലറിച്ചിരിക്കുന്നുണ്ടാവും.
ചിരിക്കാനറിയാത്തവർ കുറ്റം പറയുന്നുണ്ടാവും.
ഒന്നിനുമാകാത്തവർ ഒന്നുമല്ലെന്ന് നടിക്കുന്നുണ്ടാവും

കവിത ശ്വാസം കിട്ടാതെ ജനിക്കും മുൻപേ
മരിക്കുന്നതെപ്പോഴാണെന്നറിയില്ല.
അപ്പോഴൊക്കെ,
വേഗത്തിലോടിയിട്ടും എത്താതെ
ആരൊക്കെയോ എവിടൊക്കെയോ എത്തിച്ചേർന്നിട്ടുണ്ടാവും.
ചെന്നിടത്തു നിൽക്കാനാവാതെ
ആരൊക്കെയോ ഓടിപ്പോയിട്ടുണ്ടാകും.
പോയവരെ മറന്നു പുതിയവർ കൂട്ടം ചേര്ന്നുണ്ടാവും.
ഓടിക്കൊണ്ടിരിക്കുന്നവർ
ശ്വാസം കിട്ടാതെ കിതയ്ക്കുന്നുണ്ടാകും
ചെന്നെത്തുന്നവർ കയ്യിൽ കിട്ടിയത് വാരി
മറ്റെവിടേക്കോ ഓടുന്നുണ്ടാവും..
ഏറ്റവുമൊടുക്കം ചോദ്യവും ഉത്തരവും ഇല്ലാതെ
രാവും പകലും ഭൂമിയും
ഒരേ വേഗത്തിൽ ഒരേ തണ്ടിൽ
പരസ്പരം നോക്കാതെ അറിയാതെ

കറങ്ങിക്കൊ ണ്ടിരിക്കുന്നുണ്ടാവും .