Wednesday, November 29, 2017

ഹൃദയത്തിലൊരില്ലം.
**************************************
മടുപ്പിന്റെ ചില മൂലകൾ
പഴമണമൂതിർത്തു   കിടക്കുന്നു.
അവിടെ തൂങ്ങും  ചിലന്തി വല
ആരെയോ കാത്തിരിക്കുന്നു.

പൊടി പിടിച്ച കോണുകൾ
വിരൽപ്പാടുകൾ   തേടുന്നു.
കാറ്റു കയറാത്ത വിടവുകൾ
അന്ധകാരത്തെയൂട്ടുന്നു  

ഒച്ചയില്ലാത്ത ഭിത്തികൾ
പൊട്ടുമെന്നോർത്തു കിടുങ്ങുന്നു .
ഒറ്റയ്ക്കായ മച്ചുകൾ
പൊക്കത്തെയും ഭയക്കുന്നു .

ആരും  ചാരാത്ത തൂണുകൾ
ഏകാന്തമായ  തിണ്ണകൾ.
ആണിയിൽ തൂങ്ങും ഫോട്ടോയ്ക്ക് കാവലാൾ
വെറ്റിലച്ചെല്ലംഒറ്റയ്ക്കും

അടഞ്ഞ ജനലിന്റെ ചിന്തകളിൽ   
പരക്കുമാകാശ  വീഥികൾ.
പൂത്തു നിൽക്കുന്ന താരകൾ
പാട്ടു പാടുന്ന രാവുകൾ .

മങ്ങി നിറം പോയ ഓടുകളിൽ
തങ്ങി നിൽക്കുന്ന പാടുകളിൽ
വേനലിന്റെ വെറുപ്പുകൾ
വർഷകാലപ്പിഴവുകൾ
മഞ്ഞു തന്ന വിഴുപ്പുകൾ
മരം പെയ്തൊഴിഞ്ഞ തണുപ്പുകൾ.

ആളൊഴിഞ്ഞ വരാന്തക ളിൽ
മാറാല വീണ ബൾബുകൾ.
 പൂട്ടിയിട്ട വാതായനത്തിന്റെ
കൂട്ടിനായിചില   പല്ലികൾ .

നീണ്ട നിദ്രയിലെപ്പോഴോ
വീണുറഞ്ഞു  പോയ  കൽ ത്ത റകൾ
വീണ്ടുമൊന്നുണർത്താൻ ആരും
ചെന്ന് കേറാത്ത നിലവറകൾ .

പുഴ വരണ്ടൊരു നടുമിറ്റം
പഴമ ധ്യാനിച്ചു വടക്കിനി
വഴി തിരയുന്ന തെക്കിനി
കഥ  മറന്ന കുറേയുരുളികൾ

ക്ലാവ് മോന്തിയ വിളക്കുകൾ
കാലം കാറ്റിൽ ചോർത്തിയ നാളങ്ങൾ
കരി ബാക്കിയാക്കിയ കാവുകൾ
നാലുകെട്ടിന്റെ കഥകളോർമ്മിച്ചു   
നാട് നീങ്ങിയ നാഗങ്ങൾ ..

കരിയിലക്കാട് കടല് വിരിക്കുന്ന
കോഴി കൂകാത്ത മുറ്റങ്ങൾ
പൊന്തകൾ പൊങ്ങി മതിലു കെട്ടുന്ന
വിജനമായ പറമ്പുകൾ.

ഹൃദയമിപ്പോഴും ഏന്തുന്നു ,
ഇടിഞ്ഞു വീഴാത്ത കെട്ടുകൾ
തകർന്നടിയാത്ത പടവുകൾ

എരിഞ്ഞു തീരാത്ത പഴമകൾ.