Wednesday, September 27, 2017

കുണ്ടു കിണറുകൾ
******************************

ജാഡ കാണിക്കാൻ വേണ്ടി മാത്രം അനാവശ്യമായി മറ്റുള്ളവരുടെ ആസനം താങ്ങുന്ന സ്വഭാവം അംഗീകരിക്കാൻ  ബുദ്ധിമുട്ടാണ്.പ്രയോഗികമായതും യുക്തിനിഷ്ഠമായതും  അവനവനു നാശമുണ്ടാക്കാത്തതും ആയ കാര്യങ്ങളെ ആണ് മനുഷ്യർ ആദ്യം സ്വയം സ്വീകരിക്കേണ്ടത് എന്നാണ് വിശ്വാസം.എല്ലാവര്ക്കും എന്തും പരീക്ഷിച്ചു നോക്കാൻ മാനുഷികമായ അവകാശമുണ്ട്.മതവും രാഷ്ട്രീയവും വസ്ത്രധാരണവും കുടുംബസംവിധാനവും എല്ലാം അതിൽപ്പെടും.മനുഷ്യന്റെ സ്വകാര്യാവസ്ഥയുടെ ഭാഗം തന്നെയാണത്.ജാതി മത വ്യവസ്ഥകളും രാഷ്ട്രീയവും എല്ലാം നില നിൽക്കുന്നത് മനുഷ്യന് സംഘടനകളുണ്ടാക്കാനുള്ള ജന്മസിദ്ധമായ ഒരു പ്രോഗ്രാമിങിൽ നിന്ന് തന്നെയാണ്.അംഗ സംഖ്യ കൂടുന്തോറും  സംഘടനയുടെ ശക്തിയും കൂടും.ഞാൻ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്നുള്ള വിശ്വാസവും  അതിനു വിരുദ്ധമായി മറ്റൊരുത്തന് ശരി ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധവുമാണ്  ഭൂരിപക്ഷം മനുഷ്യരുടെയും പ്രശ്നം.കാലഹരണപ്പെട്ട കുറെ ആശയങ്ങളും തലച്ചോറിൽ ചുമന്നു പുതിയ ഒരു മാറ്റത്തെയും സ്വീകരിക്കുകയില്ലെന്ന നിര്ബന്ധ ബുദ്ധിയുമായി ഇന്ന് നാൾ കഴിക്കുന്ന പലരും നാളെ തന്റെ വിശ്വാസവും പൂർണ്ണമായും ശരി ആയിരുന്നില്ല എന്ന് തിരിച്ചറിയും.ഇത്തരം തിരിച്ചറിവുകൾ മനുഷ്യ രാശി ഉദ്ഭവിച്ചതു മുതൽ ഉണ്ടായിട്ടുണ്ട്.ഇനിയും ഉണ്ടാകും. തിരിച്ചറിവുകൾ ആണ് ഓരോ രാജ്യത്തെയും ഓരോ സമൂഹത്തെയും കൂടുതൽ വികസനത്തിലേക്ക് നയിക്കുക.

Wednesday, September 20, 2017

ബാക്കി പത്രം.
***********************
ജീവിതം എന്ന് പറയുന്നത് ഒരു നിയോഗം മാത്രമാണ്.പലതും പരീക്ഷിച്ചറിയുവാനുള്ള ചെറിയൊരു യാത്ര.യാത്രയിൽ പലരെയും കാണും.മുഖം മൂടികൾ ധരിച്ചിരിക്കുന്നവരെ.മുഖം തുറന്നു വെയിലും മഴയും കൊണ്ട് നടക്കുന്നവരെ .വേദനിക്കുന്നവരെ ചിരിക്കുന്നവരെ സംസാരിക്കുന്നവരെ.സ്നേഹിക്കുന്നവരെ .സ്നേഹിക്കുന്നെന്നു വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നവരെ.
ഭീരുക്കളെയും ധീരന്മാരെയും കാണും .അന്ധരെയും ബധിരരെയും മിണ്ടാൻ അറിയാത്തവരെയും കഴിയാത്തവരെയും കാണും.
കാഴ്ചകൾ എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാഠ പുസ്തക ത്തിലെ അധ്യായങ്ങൾ മാത്രമാണ്.
വിദ്യാർത്ഥിയുടെ കടമ പഠനം മാത്രം.
പഠിച്ചു കഴിയുമ്പോൾ അവൻ പുസ്തകം അടച്ചു വെക്കണം .
അധ്യായങ്ങളോട് അടുപ്പം പാടില്ല.സ്നേഹവും വിദ്വെഷവും ജനിപ്പിക്കാനായിരുന്നില്ല പാഠങ്ങളുടെ ഉദ്ദേശ്യം .മറിച്ചു എന്തൊക്കെ എങ്ങനെയൊക്കെ സംഭവിക്കാമെന്നും അതിനു പരിഹാരങ്ങൾ എന്തെന്നും ആണ് വിദ്യാർത്ഥി പഠി ക്കേണ്ടതും പ്രവർത്തികമാക്കേണ്ടുന്നതും.
പാഠ പുസ്തകത്തിലെ അധ്യായങ്ങൾ ഒന്നും പുതിയതല്ല.അത് തലമുറകളായി യുഗങ്ങളായി മനുഷ്യ ജന്മങ്ങൾ പ്രവർത്തിക്കുന്ന രീതികളാണ്.
പുതിയതായി എവിടെയും ഒന്നുമില്ല .
ജനനമെന്ന ഒന്നാം പേജ് മുതൽ മരണം എന്ന അവസാനത്തെ താള് വരെ എല്ലാ നാട്ടിലും എല്ലാ കാലത്തും എല്ലാ മനുഷ്യരും വായിച്ചതും പഠിച്ചതും ഒരേ വിഷയങ്ങൾ തന്നെയാണ്.
അതാണ് മനുഷ്യ ജന്മങ്ങളുടെ പരിമിതിയും.
അത് കൊണ്ട് തന്നെ പക,വൈരാഗ്യം,വെറുപ്പ്,അസൂയ തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾക്ക് പ്രസക്തിയും ഇല്ല.
മനുഷ്യ കുലത്തിനെയും ഭൂമിയെയും സംരക്ഷിക്കുന്ന വികാരങ്ങൾക്കേ സ്ഥാനമുള്ളൂ .കാരണം നാളെ ഇനിയും മനുഷ്യർ ജനിക്കും.ഇപ്പോഴുള്ളവർ ഒഴിഞ്ഞു പോവുന്ന ബെഞ്ചുകളിൽ ഇരുന്നു പുതുതായി വരുന്നവർ ഇതേ പുസ്തകം തന്നെ പഠിക്കും .അവർക്കായി സൃഷ്ടിപരമായ എന്തെങ്കിലും നീക്കി വെക്കാൻ ഇപ്പോഴുള്ളവരുടെ ബുദ്ധിയിലും പ്രവർത്തിയിലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവണം.

Thursday, September 14, 2017

വേദന
**************
ഇനിയെവിടെ തിരയും ഞാൻ.
ഇരുളെടുത്ത കനവുകളെ
മെലിയുന്നൊരു മഴയുടെ മിഴിയിൽ
അലിയും നിൻ ഓർമ്മകളെ .

അകലങ്ങളിനിയും പൂക്കും
പകലുകളും നോവുകളും
അറിയാതെൻ നെഞ്ചിൽ പിടയും
നിൻ മുഖവും വാക്കുകളും..

ഇതുവരെ നീ വന്നെന്നൊപ്പം 
വഴിയിൽ പിരിയാനായ്
 ഒടുവിൽ നീയോതിയ  വാക്കിൻ
കനലിൽ ഞാനുരുകാനായ്..

ഇലകളിലെ കാറ്റും പാട്ടും
ഇടവഴിയിലെ യുച്ചകളും
തഴുകി നാമൊരുമിച്ചലഞ്ഞ
പുഴവക്കിലെ സന്ധ്യകളും.
 
പഴകില്ലെന്നുള്ളിലൊരിക്കലു -
മഴുകില്ലെൻവേദനകൾ
അവയിൽ നിന്നിനിയും  പൂക്കും

പ്രണയത്തിൻ കാമനകൾ .  .

Friday, September 1, 2017

വേർപാട് -സ്നേഹത്തിനൊരു ശ്രദ്ധാഞ്ജലി
***** ********************************************

മൗനം തുളുമ്പുന്ന വാക്കുകളിൽ
പ്രാണൻ തുടിക്കുന്ന പാട്ടുകളിൽ
തേടി നടക്കുകയാണിന്നു  ഞാൻ നിന്നെയെൻ
മോഹം മരിക്കുന്ന   രാവുകളിൽ..

നീയറിയാതെയെൻ കണ്ണീരു പുഞ്ചിരി
പൂക്കളായ് വാരിക്കൊടുക്കുന്നു ഞാൻ.
കീറിമുറിയുമെന്നാത്മാവിൻ  ചോരയാൽ
പൂക്കളം തീർത്തു പിടയുന്നു  ഞാൻ.

ഒന്നിനി കാണാനൊരു വാക്ക് മിണ്ടുവാൻ
ഒരു നാളുമരികിൽ നീ വരികയില്ല .
ഒരുമിച്ചു നാം നട്ട സ്നേഹവും ദാഹവും
ഒരു മഴക്കാറായ്  മറഞ്ഞു പോയി.
ഒരു വട്ടം കൂടിയീ വിണ്ണിൽ നിന്നുതിരാത്ത 
മൃത  വർഷബിന്ദുവായ്മാഞ്ഞു പോയി.
നിൻ  കര തലമെന്റ  മാറിലിനിയുമൊ-
ന്ന മരുമെന്നാശിച്ചു നിന്നുപോയി
ഒരു രാത്രി പക്ഷെ കിരാതനഖങ്ങളാൽ
ഹൃദയം വലിച്ചു പറിച്ചെടുത്തു.
ഒരുവെട്ടാൽ നമ്മെ രണ്ടാക്കി ഞാനതിൽ നിന്നും
ഒരു പതിനായിരം  തുണ്ടുകളായ് ..

കരയില്ല ഞാൻ ,പക്ഷെ വിരഹത്തിൻ വേദന
കരളിനെ കീറി നുറുക്കുമ്പോഴും
വെറുതെ ചിരിക്കുമെൻ മുഖമാണ് നിൻ നിറ
ചന്ദ്രനെന്നന്നു പറഞ്ഞില്ലേ നീ .
 കരിമുകിലായെന്റെ  വേദന നിൻ മുൻപി-
ലൊരുനാളും വെച്ച് മടങ്ങില്ല ഞാൻ.

ഇനിയുമിരിക്കും ഞാനീ കടൽ തീരത്തു
നിറയുന്ന നിൻ പാദസ്വനങ്ങൾ തേടി .
ഇളകിമറിയുന്നയലകളിൽ നിൻ കാൽ
ച്ചിലങ്കകൾ പകരുന്നയീണം തേടി ..

ഉണ്ടെനിക്കുള്ളിലുറപ്പ് നാം വീണ്ടുമൊ -
രു മഴക്കാലത്തു കണ്ടു മുട്ടും.
ന്നുമെന്നുള്ളിലെ യീണത്തിനൊത്തു നീ
പൊൻ മണൽ പാടത്തു ചുവടു വെയ്ക്കും.
                                   
                                        ********