Monday, August 12, 2019

മഴമേഘം
************


വലിയ ചില കടലുകൾ
കര തേടി അലയുന്ന തീരങ്ങളിൽ
വെച്ചു കാണും  ഞാൻ നിന്നെ ..

ചെറിയോരരുവിക്കരയിൽ മുളച്ചിട്ടു
വടമായ്  വളർന്നു പടർന്നൊരു നിന്നെ .

പതിയെ ഞാനൊഴുകി യിറങ്ങും  തടവുന്ന
ശിലകളെ കൈകൊണ്ടു മെല്ലെയകറ്റി
പതയുന്ന ചുഴികളിൽ മെല്ലെക്കറങ്ങി
പിടയുന്ന നെഞ്ചിൽ കരം വെച്ച് പൊത്തി .

മുകളിലൊരാകാശം നീണ്ടു നിവർന്നു
ഇരുവശം കാടുകൾ കൂടിപ്പിണഞ്ഞു .
കിളികൾ ചിലയ്ക്കും മരങ്ങളിൽ തട്ടി
ഒഴുകിയിറങ്ങുന്ന കാറ്റിനെ നോക്കി

വെറുതെയുരുണ്ടു ഞാൻ ഉയരങ്ങളെന്റെ
പിറകിൽ നിഴലായകന്നു മറഞ്ഞു .
അകലെയാ താഴ്വര പടർന്നു കിടന്നു ഞാൻ
വികലമാം വഴികളെ മൂടി നടന്നു ..

ഒഴുകുകയാണെന്നു മത്സ്യം പറഞ്ഞു.
വരളുകയാണെന്നു വേനൽ മൊഴിഞ്ഞു.
അരുവി  തൻ  നെഞ്ചിലേക്കിടറി വീണു ,മനം
മധുരമായ്  മഴയായി  രാഗമണിഞ്ഞു


കനവിന്റെ യുള്ളിലെൻപുഴയെ ഞാൻ കണ്ടു
കാതങ്ങൾ അറിയാതെ ഓടി മറഞ്ഞു.
കമിതാവിനരികെ യണയുവാൻ വെമ്പി
നിനവിൽ മനോഹര ചിന്തകൾ വന്നു
.
അവസാനമില്ലാത്ത പ്രണയമായി തീർന്നും 
തടവിലൊതുങ്ങാ പ്രവാഹമായുതിർന്നും
കില് കിലെ പൊട്ടിച്ചിരിക്കാൻ കൊതിച്ചും
ഉതിർന്നു തകർന്നു ചിതറാൻ പഠിച്ചും

ഒരു നാൾ  ഞാനെത്തും നിൻ വിരിവാർന്ന നെഞ്ചിൽ
അതിൽ മുങ്ങി പൊങ്ങി ഞാൻ കടലിനെ തേടും .

പറയാതിരുന്നത് ..
************************

പ്രണയമൊരു മുള്ളു പോൽ
ഒളിയുന്നു വെപ്പൊഴും
നീ തരും പൂങ്കുലച്ചെണ്ടിന്റെ നടുവിലായ്
ഒരു മൃദു സൗരഭ ജാലകമാവുന്ന
പനിനീർ ദളങ്ങൾക്കുമപ്പുറമിപ്പുറം .
സ്വീകരിക്കുമ്പോൾ അറിയാതെ കോറിയെൻ
നീൾ വിരൽത്തുമ്പിലതിറ്റു ചുവക്കുന്നു..
നീയതു കാണാതിരിക്കുവാൻ ഞാനെന്റ
നീറുന്ന കൈവിരൽ ഇലകളാൽ പൊതിയുന്നു ..
പ്രണയമൊരു കനലായി വിങ്ങുന്നു,
പിന്നെ ജ്വലിക്കുന്നു,മങ്ങിത്തെളിയുന്നു ,
വേവലിൻപുകമറ ഉള്ളിലൊതുക്കുന്നു ,
ദീർഘ നിശ്വാസമടക്കിപ്പിടിക്കുന്നു
അർത്ഥമില്ലാതെ ഞാൻ എന്തോ പറയുന്നു.
നീ പറയുന്നതു കേൾക്കാതെ കേൾക്കുന്നു.
വാക്കുകൾ നമ്മൾക്കിടയിൽ ചലിക്കുമ്പോൾ
എന്നുള്ളിലേതോ നിശബ്ദത മുളയ്ക്കുന്നു
പിന്നെ ഞാനറിയാതെ അത് മാനം മുട്ടുന്നു.
എന്നെയിരുട്ടിന്റെ കോട്ടയിൽ തള്ളുന്നു .
നിന്നെ ഞാൻ കാണാതെ കാണുന്നു ,അറിയുന്നു
നിന്നിൽ നിന്നെന്നിലേക്കെത്താത്ത പാതകൾ ...
പിന്നെ അവയിലൂടലയുന്നു ,ദിക്കുകൾ
അറിയാതൊടുവിൽ കടൽ കണ്ടു മടങ്ങുന്നു.

പുതിയ കഥയുടെ താള് മറിച്ചു കൊണ്ട -
പ്പോഴും നീയെന്റെ അരികിലിരിക്കുന്നു.
പനിനീർ ഉണങ്ങുന്നു ,മുള്ളിന്മുനയിലെ
ചോപ്പ് വരളുന്നു ,നമ്മൾ പിരിയുന്നു .