Thursday, December 8, 2016

തിരികെയെത്തണം .
*****************************

എവിടെയോ  നീ വെറുതെയെന്തിനോ
ലഞ്ഞ നേരവും,
വിരൽ മടക്കി നെഞ്ചിൽ വെച്ചി
ട്ടൊരു നിമിഷം മുന്പിലേക്കും
മുകളിലേക്കും പിന്നിലേക്കും
മിഴിയയച്ചു നോക്കി നീ
തളർന്നു നിന്ന നേരവും ,
ഒന്ന്  കൂടി ഓർക്കണം.

തുടങ്ങി വെച്ച പാതയിൽ
 നിനക്ക് തിരികെയെത്തണം.

വളരെ നീണ്ട യാത്രയിൽ
വഴി മറന്നു പോയിടാം,
ചുരങ്ങൾ  വളരുംമലകളിൽ
കയങ്ങൾ താഴേക്കൊഴുകിടാം
ഒഴുക്കിൽ വീണുരുണ്ടു കാട്ടിൽ
ഒടുക്കം തനിയെയായിടാം.

പക്ഷെ തിരികെ കയറണം.
നിനക്ക് തിരികെയെത്തണം.

പകുതിയാക്കി വെച്ച പലതും
ഇനിയുമുണ്ട് തീർക്കുവാൻ
ഇന്നു മുണ്ട് കാലം തീർത്ത
വാക പൂത്ത തണലുകൾ.
അവിടെ നിന്നെ നോക്കി നോക്കി
വഴിയള ന്ന കണ്ണുകൾ.

മറന്നു കൂടാ ,ഓടിയെത്ര
യകലുവാൻ കൊതിക്കിലും.









Saturday, December 3, 2016


പാറാവ്
**************


ഞാൻ രാത്രികളുടെ കാവൽക്കാരിയാണ് .


ഇരുട്ട് എന്നെ ഭയക്കുന്നു.
മിന്നാമിന്നികൾ എനിക്ക് മുൻപേ ഓടിയൊളിക്കുന്നു .
എന്റെ കണ്ണിൽ ഇരുട്ടിന്റെ ആരും കാണാത്ത കയങ്ങളുണ്ട്

നക്ഷത്രങ്ങൾ എന്നെ നോക്കാറില്ല.
ചന്ദ്രന് വിളർപ്പാണെന്നും വഴികളിൽ പിളർപ്പാണെന്നും
പറഞ്ഞു മടങ്ങിപ്പോയ വവ്വാലുകൾ
എന്റെ മുടിപ്പടർപ്പിൽ കയറി ഒളിച്ചിരിക്കുന്നു.

നിശബ്‌ദത യാണ് എന്റെ കൂട്ടുകാരൻ.
ചീവീടുകൾ ചിലപ്പുകൾ ഉള്ളിലൊതുക്കി
കല്ലുകൾക്കടിയിൽ ഒളിച്ചിരിക്കുന്നു.

ആകാശത്തിനു ചാര നിറമാണ്.
മേഘങ്ങൾ കരിഞ്ഞു പോയിരിക്കുന്നു.
നെഞ്ചിനെ തുളച്ചു രക്തം ചിന്തുന്ന
ഓർമ്മകൾ
രാത്രി സഞ്ചാരികൾക്കായി ഞാൻ
മടിക്കുത്തിൽ കൂട്ടി വെച്ചിട്ടുണ്ട്.
ഭയം എനിക്ക് ലഹരിയാണ്.
അത് മോന്തി മോന്തി
ഞാനീ മരണമടഞ്ഞ വഴികൾക്കും
പ്രേതരൂപികളായ മരങ്ങൾക്കും കാവലിരിക്കുന്നു .


നീ വരണം.
നിനക്കായി ഇരുട്ട് ഞാൻ ബാക്കി വെച്ചിട്ടുണ്ട്.
അതു കുടിച്ചു നീയെനിക്കു മറ്റൊരു ലഹരിയാവണം .
ഇനിയുള്ള നിമിഷങ്ങൾ നമ്മളുടേതാണ്.
അന്ധകാരത്തിന്റെ സന്തതികളുടെ.
വരികളിലൊരുവൾ..
*****************************

ഒരു പാട്ടിലലിയുന്ന വരികളിൽ ഇന്നെന്റെ
ഹൃദയമാം  മൗനത്തിൽ 
നിന്നെ ഞാൻ  തിരയും .

മറു പാട്ടു പാടുവാൻ മറുപടി ചൊല്ലുവാൻ
വരികില്ല നീയിന്നെന്നറിയുന്ന നേരവും .

വ്രണിതമാം മോഹത്തിൻ നീറുന്ന നോവിലും
പ്രണയമായി നിൻ സ്മൃതി എന്നെപ്പൊതിയും.

ഇടറുന്ന നെഞ്ചിലെ തുടിതാളമെന്നും   
ഉതിർ ക്കുന്ന  മന്ത്രണം നിൻ നാമമാവും

ഇനിയില്ല ബാക്കിയെൻ കരളിൽ നിറങ്ങളും
കിനിയും മഴതുള്ളി പകരും മണങ്ങളും

വെറുതേ പറക്കുമെൻ കനവിന്റെ ചിറകുകൾ
വിറയാർന്നു  തളരുമീ മൂക മാർഗ്ഗങ്ങളിൽ

അവിടെ ഞാൻ തിരയും നിൻ ഉഛ്വാസ

ഗന്ധമെൻ നോവിൽ ,
ന്നോർമ്മ തൻ താളപ്പിഴകളിൽ ..
ദ്വീപ്
************

വിരൽ തുമ്പിലെ ദ്വീപ്
കടൽ തിരഞ്ഞു നടന്നു .
കര കരഞ്ഞു തളർന്നു 
തിര തിരിഞ്ഞു നടന്നു
മുകിൽ പതഞ്ഞൊരു വാനം
തല തിരിച്ചു കിടന്നു
അകലെ അതിരിനു മേലെ
അർക്ക നെരി പൊരി കൊണ്ടു .
ദിവസമൊടുവിനു മുൻപിൽ
അന്തി വന്നു ചുവന്നു.
മണലിൽ വിരലുകൾ പൂഴ്ത്തി
മരണം കാത്തു കിടന്നു.
ഞണ്ടു കുത്തിയ മാളം

ദ്വീപ് വീണു തകർന്നു.
മരം കൊത്തി
**********************

ഇത്രമേൽ നിന്നെ ഞാൻ കൊത്തി  നോവിച്ചിട്ടും
ഇത്തിരിപ്പോലും നിനക്കില്ല പരിഭവം .

മരം .
*******

എത്രമേൽ നിന്നെ ഞാൻ ആട്ടിയോടിച്ചിട്ടും
അത്രമേൽ എന്നെ പുണരുവാൻ എത്തി നീ .
എന്നെ വലം  വെക്കും ,ചുണ്ടിനാൽ ഇക്കിളി
എൻ തരു  നീളെ പൊഴിച്ചു പറന്നു നീ .

എത്രയോ നാളായി ഒറ്റയ്ക്ക് നിൽക്കുമെൻ
ചുറ്റിലും പാറുവാൻ എത്തിയോനിന്നു നീ .
ഇത്തിരി നോവ് നീ തന്നാലുമെന്തതി

ന്നെത്രയോ കാലത്തെ ഏകതക്കറുതിയായ് ..
ഇനി നീ വരുമ്പോൾ ..
****************************

ഇത്തിരി നേരമെന്നൊപ്പമിരിക്കണ -
മിത്തിരി പ്പോന്ന കഥകൾ പറയണം.
കണ്ടു മറന്ന പലതിനെപ്പിന്നെയും
ഒപ്പം കറങ്ങി നടന്നൊന്നു കാണണം ..

ഒന്നിച്ചു നൊന്തൊരു   മുള്ളിനെ തേടണം
ഒന്നിച്ചു പാടിയ പാട്ടു തിരയണം
ഒന്നിച്ചുറങ്ങിയ  രാവിൻറെ നെഞ്ചിലെ
പുള്ളു പഠിപ്പിച്ച ഗീതങ്ങൾ  പാടണം.

എന്നോ കളഞ്ഞ നിലാവിന്റെ തുണ്ടുകൾ
ഒന്നാ പുഴകളിൽ ചെന്ന് തിരയണം .
കുന്നിൻ ചരിവിലെ പൊന്തയിൽ സന്ധ്യയിൽ
ചിന്നിത്തെറിപ്പിച്ചയുമ്മ പെറു ക്കണം .

പൊട്ടിച്ചിരിക്കണം ഞെട്ടിക്കരയണം
വട്ടു പിടിച്ചെന്ന് കാറ്റിനും തോന്നണം .
മുല്ലയും പാലയും ഒന്നിച്ചു പൂക്കണം
വള്ളിപ്പടർപ്പുകൾ പാമ്പുകളാവണം .
കോടയിറങ്ങുന്ന രാവിൻറെ കൂടാര
വാതിലിൽ കൽക്കരി കനലുകൾ എരിയണം
പൊട്ടിത്തെറിക്കുന്ന തീയുടെ മാറിലും
കെട്ടിപ്പിടിക്കുവാൻ പ്രാണികളെത്തണം .

ഇനി നീ വരുമ്പോൾ ,

എന്നോ അടചു തുരുമ്പെടുത്തടരുന്ന
എന്നിലേക്കുള്ള വഴികൾ തുറക്കണം .
ചത്ത് തുടങ്ങിയ കല്ലിൽ ചവിട്ടിയെൻ
ഹൃത്തിലേ ജീവന്റെ താള മാറിയണം .





ഇടയ്ക്കിടെ  സംഭവിക്കുന്നത്.
*********************************


വഴിയടഞ്ഞു പോയി എന്ന്
നിലവിളിച്ചു ചിന്തകൾ.
ബല മടർന്നു പോയി എന്നു
പരിതപിച്ചു പകലുകൾ
ഇനി നടക്കുകില്ലെന്നൊക്കെ
പഴി പറഞ്ഞു കാലുകൾ .
അരികിലെവിടെ താങ്ങുകളെ
ന്നെത്തി 
നോക്കി കയ്യുകൾ.


ഹൃദയമെന്നിരിക്കിലും ഞാൻ
തളരില്ലെന്നു ചൊല്ലവേ
മിഴികളൊപ്പമൊരു പ്രകാശ
കണമെറിഞ്ഞു പാതയിൽ .

വിജനമാവുകില്ല വീഥി
വ്രണിതമല്ല സ്നേഹവും
പ്രണയമുള്ള മനസ്സിനെന്നും
പുതുമ തന്നെ ജീവിതം 

ഇനിയുമുണ്ട് തുഴയുവാൻ
അലകളേറെ മുന്നിലായ്
വാനമുണ്ട് കൂടെ മേലെ

കുട പിടിച്ചു നിൽക്കുവാൻ