Thursday, October 26, 2017

ബോധോദയം .
****************
ചെറുതും വലുതും ഇടത്തരവും ആയ
കറുത്തും വെളുത്തും വളർത്തും തുടുത്തുമുള്ള
ഒരു പാട് ലോകങ്ങൾ ഉണ്ടായിരുന്നു.
കരഞ്ഞും ചിരിച്ചും കൊടുത്തും എടുത്തും
നടന്നും കിടന്നും പോകാറുണ്ടായിരുന്നു .
ചെല്ലുന്നിടത്തെല്ലാം കഥ പറഞ്ഞും
പാ ട്ടു കേട്ടും തല്ലുകൂടിയും പ്രണയിച്ചും
സ്നേഹിച്ചും വെറുപ്പിച്ചും
പിരിയാറുണ്ടായിരുന്നു.

പിന്നീടൊരുനാൾ
കോട്ട മതിൽ പുറത്തേക്കുള്ള
കവാടം അടച്ചു.
കാറ്റിനും മഴയ്ക്കും വെയിലിനും
ബാക്കി നിന്ന കൂലി കൊടുത്തു
പിരിച്ചയച്ചു.
തുമ്പികളോടും പൂമ്പാറ്റകളോടും
സ്വപ്നം കാണുന്ന പൂവ് തേടി
ഇനിയിങ്ങോട്ടു വരേണ്ടതില്ലെന്നു
മൊഴിഞ്ഞു.
ബാക്കി വന്ന പൂന്തോട്ടം
പിന്ഗാമികൾക്കെഴുതിക്കൊടുത്തു .

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ
ആകാശത്തേക്ക് തുറക്കുന്ന ഒരു
വാതായനം പണിതു.
ഭൂമിയിലേക്കിറങ്ങുന്ന
കല്പടവുകൾക്കപ്പുറം
പിത്തളപ്പിടിയുള്ള പൂട്ടിട്ടു
മരവാതിൽ  കൊട്ടിയടച്ചു.

ഇരുട്ട് നിറഞ്ഞ കിണറുകളിൽ
തവളകൾ ആര്മാദിക്കുന്ന ഒച്ചയും കേട്ട്
വെറുതെ ഇരുന്നു.
ഹൃദയത്തിൽ ശാന്തി നിറഞ്ഞു.
പകലും ഇരവും വന്നുപോകുന്നത്
നിലയ്ക്കുകയില്ലെന്നും
രാത്രി നക്ഷത്രങ്ങൾ മിന്നിമിന്നി പ്പൊലിയുകയില്ലെന്നും
കണ്ടു പിടിച്ചു.

 യാത്ര തുടങ്ങുന്നത് ഇരുന്നിടത്തു നിന്നും
അനങ്ങാത്തവരിലാണെന്നു
തിരിച്ചറിഞ്ഞു.
ഒടുക്കവും തുടക്കവും തോന്നലുകളിലാണെന്നു
ബോധവത്ക്കരിക്കപ്പെട്ടു .

അപ്പോൾ 
പറയാൻ ഇനി ഒന്നും പുതുതായി
ഇല്ലെന്നും
ബാക്കിയായിട്ടില്ലെന്നും

മാനസാന്തരപ്പെട്ടു ..

No comments:

Post a Comment