Wednesday, September 20, 2017

ബാക്കി പത്രം.
***********************
ജീവിതം എന്ന് പറയുന്നത് ഒരു നിയോഗം മാത്രമാണ്.പലതും പരീക്ഷിച്ചറിയുവാനുള്ള ചെറിയൊരു യാത്ര.യാത്രയിൽ പലരെയും കാണും.മുഖം മൂടികൾ ധരിച്ചിരിക്കുന്നവരെ.മുഖം തുറന്നു വെയിലും മഴയും കൊണ്ട് നടക്കുന്നവരെ .വേദനിക്കുന്നവരെ ചിരിക്കുന്നവരെ സംസാരിക്കുന്നവരെ.സ്നേഹിക്കുന്നവരെ .സ്നേഹിക്കുന്നെന്നു വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നവരെ.
ഭീരുക്കളെയും ധീരന്മാരെയും കാണും .അന്ധരെയും ബധിരരെയും മിണ്ടാൻ അറിയാത്തവരെയും കഴിയാത്തവരെയും കാണും.
കാഴ്ചകൾ എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാഠ പുസ്തക ത്തിലെ അധ്യായങ്ങൾ മാത്രമാണ്.
വിദ്യാർത്ഥിയുടെ കടമ പഠനം മാത്രം.
പഠിച്ചു കഴിയുമ്പോൾ അവൻ പുസ്തകം അടച്ചു വെക്കണം .
അധ്യായങ്ങളോട് അടുപ്പം പാടില്ല.സ്നേഹവും വിദ്വെഷവും ജനിപ്പിക്കാനായിരുന്നില്ല പാഠങ്ങളുടെ ഉദ്ദേശ്യം .മറിച്ചു എന്തൊക്കെ എങ്ങനെയൊക്കെ സംഭവിക്കാമെന്നും അതിനു പരിഹാരങ്ങൾ എന്തെന്നും ആണ് വിദ്യാർത്ഥി പഠി ക്കേണ്ടതും പ്രവർത്തികമാക്കേണ്ടുന്നതും.
പാഠ പുസ്തകത്തിലെ അധ്യായങ്ങൾ ഒന്നും പുതിയതല്ല.അത് തലമുറകളായി യുഗങ്ങളായി മനുഷ്യ ജന്മങ്ങൾ പ്രവർത്തിക്കുന്ന രീതികളാണ്.
പുതിയതായി എവിടെയും ഒന്നുമില്ല .
ജനനമെന്ന ഒന്നാം പേജ് മുതൽ മരണം എന്ന അവസാനത്തെ താള് വരെ എല്ലാ നാട്ടിലും എല്ലാ കാലത്തും എല്ലാ മനുഷ്യരും വായിച്ചതും പഠിച്ചതും ഒരേ വിഷയങ്ങൾ തന്നെയാണ്.
അതാണ് മനുഷ്യ ജന്മങ്ങളുടെ പരിമിതിയും.
അത് കൊണ്ട് തന്നെ പക,വൈരാഗ്യം,വെറുപ്പ്,അസൂയ തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾക്ക് പ്രസക്തിയും ഇല്ല.
മനുഷ്യ കുലത്തിനെയും ഭൂമിയെയും സംരക്ഷിക്കുന്ന വികാരങ്ങൾക്കേ സ്ഥാനമുള്ളൂ .കാരണം നാളെ ഇനിയും മനുഷ്യർ ജനിക്കും.ഇപ്പോഴുള്ളവർ ഒഴിഞ്ഞു പോവുന്ന ബെഞ്ചുകളിൽ ഇരുന്നു പുതുതായി വരുന്നവർ ഇതേ പുസ്തകം തന്നെ പഠിക്കും .അവർക്കായി സൃഷ്ടിപരമായ എന്തെങ്കിലും നീക്കി വെക്കാൻ ഇപ്പോഴുള്ളവരുടെ ബുദ്ധിയിലും പ്രവർത്തിയിലും എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവണം.

No comments:

Post a Comment