Saturday, October 14, 2017

മോചനം.
****************
പണ്ട് ഞാൻ നിന്നോട് പറഞ്ഞതും
പിന്നെ നീ എന്നോട് പറഞ്ഞതും
ചേർത്ത് വച്ചു കൂട്ടിക്കിഴിച്ചാണ്
പിന്നീട്
 നാം നമ്മോടു പറഞ്ഞതെല്ലാം
എന്നൊരു കണക്കു പുസ്തകം ഉണ്ടായത്.

ഞാൻ നിനക്ക് തന്നത് നീ
ഗുണനപ്പട്ടികയിലേക്കു പകർത്തി
നീയെനിക്കു തന്നത് ഞാൻ
ഗുണനവും ഹരണവും കഴിച്ച്
നിക്ഷേപമായി സൂക്ഷിച്ചു
പലിശ കൂട്ടി കൊള്ളാവുന്നൊരു
കനത്തിലാക്കി

സാമ്പത്തികോപദേഷ്ടാക്കൾ
നമുക്ക് ചുറ്റും വേണ്ടത്രയുണ്ടായിരുന്നു.
പ്രതിഫലേച്ഛ യില്ലാത്ത നിസ്വാർത്ഥികളുടെ
കൂട്ടും പിന്തുണയും
നമ്മുടെ ഭാഗ്യ രേഖയിൽ
അഖണ്ഡിതമായി പതിഞ്ഞിരുന്നു.

കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
അലമാരകളിൽ സ്ഥലമില്ലാതായി .
മുറികളും മുറങ്ങളും വാക്ക് കൊണ്ടും
നോക്ക് കൊണ്ടും നിറഞ്ഞു .

അടുക്കള വെള്ളത്തിൽ മുങ്ങി
കരച്ചിലും കണ്ണീരും
തീയും പുകയുമായി
അടുപ്പിനെ കത്തിച്ചു കരിച്ചു.

ഊണു മേശക്കിരു പുറവും  നിന്ന്
കസേരകൾ കൊഞ്ഞനം കുത്തി.
പാത്രങ്ങളും തവികളും
തറയിൽ കിടന്നു തമ്മിൽ പോരടിച്ചു
മുറിഞ്ഞപ്പോൾ പരസ്പരം
ഉപ്പും മുളകും തേച്ചു സഹായിച്ചു.

എല്ലാം കണ്ടു നിന്ന വാതിലും ജനലും
വിജാഗിരികൾക്കിടയിൽ നിന്ന്
കുതറിയോടാൻ നോക്കി .
ഫലിക്കാതെ വന്നപ്പോൾ
ഭിത്തികളിൽ തലയടിച്ചു.

മേൽക്കൂര താങ്ങി താങ്ങി തളർന്നു.
ഇനിയും നിന്നാൽ കുഴഞ്ഞു വീഴുമെന്നായപ്പോൾ
തറ സത്യം പറഞ്ഞു.

' വീടിനു പ്ലാൻ വരക്കപ്പെട്ടിട്ടില്ല '

അപ്പോഴാണ് നീയും ഞാനും സത്യമറിഞ്ഞത്.
അസ്ഥിവാരം പെരുച്ചാഴി കൊണ്ട് പോയിരിക്കുന്നു.

ഇനിയും നിന്നാൽ ചിതലരിക്കുമെന്ന് ഭയന്ന്.
പൂച്ചയും പട്ടിയും തിണ്ണ  കടന്നു പോയി.
 തടിച്ച പുസ്തകത്തിൽ
ഒപ്പു വെച്ച്
മുറികളില്ലാത്ത  മറ്റൊരു വീട് കിട്ടുമെന്ന്
പ്രതീക്ഷിച്ചു
കൈകൊടുത്തു
തെക്കോട്ടും വടക്കോട്ടും നമ്മളും
പിരിഞ്ഞു.
.



1 comment:

  1. തെക്കോട്ടും വടക്കോട്ടും പിരിഞ്ഞവർ!

    ReplyDelete