Sunday, July 23, 2017

മഴപ്പാട്ട്.
*******************
ഓർക്കാപ്പുറത്തൊരു മഴ പെയ്തു.
ഓർമ്മയിൽ നിന്നൊരു മഴ പെയ്തു
ഓലയിറമ്പിൽ നിന്നൂർന്നിറങ്ങി  മണ്ണിൽ
ഓളങ്ങൾ തീർത്തു മഴവെള്ളം.
ഓടിവന്നെത്തി ഹൃദത്തിലൊരു കവി
പാടി മറന്ന  മൃദുല ഗീതം.

ഏതോ വിഷാദ ക്കടും പിടുത്തം
വാതിൽ തുറന്നു കടന്നു പോയി.
ദൂരെ മതിൽ ചാരി നിന്നൊരു സന്ധ്യ തൻ
ദാവണി തുമ്പു നനഞ്ഞു പോയി.

മിഴികളിൽ വിളറിയ കാത്തിരിപ്പും
വഴികളിൽ മൃതമായ പുഞ്ചിരിയും
അകലേക്ക് നോക്കുമ്പോൾ
ഇമകളിൽ പിടയുന്ന
അറിയപ്പെടാത്തൊരു നൊമ്പരവും.
കൂട്ടിരുന്നു മഴക്കൊപ്പമവളുടെ
കൂടപ്പിറപ്പായ ഗദ്ഗദവും.

ഒന്നും പറഞ്ഞില്ല മുൾച്ചെടികൾ
കണ്ണ് തുടച്ചില്ല പുൽക്കൊടികൾ.
ഒന്ന് തണുത്തപ്പോൾ ഉള്ളു വിറച്ചപ്പോൾ.
ഒന്നിച്ചിളകീ പച്ചിലകൾ.

എന്നും തനിച്ചെന്നു ചൊല്ലികരയുന്ന
കുന്നിൻ മുകളിലെ രാക്കിളിയും
പിന്നെയും പിന്നെയും വന്നു മടങ്ങുന്ന
എണ്ണമറിയാത്ത രാവുകളും
ബാക്കിയാക്കി മഴ പെയ്തൊഴിഞ്ഞു, ഈർപ്പം
വാക്കിലും നോക്കിലും ഇറ്റി നിന്നു.

സന്ധ്യ മെലിഞ്ഞു പോയ് രാവിൻറെയന്ധമാം
നെഞ്ചിൽ കുടുങ്ങി ക്കരിഞ്ഞു പോയി .
കൂട്ടുകാരില്ലാത്ത  പല്ലിയെ നോക്കാതെ
പാട്ടുമായ് ചീവീടൊ ളിച്ചിരുന്നു ,മഴ -
പ്പാറ്റകൾ കൂട്ടമായ് മണ്ണിനെ വേർപെട്ടു

കൺ ചിമ്മും നാളങ്ങൾ  തേടി വന്നു.

No comments:

Post a Comment