Sunday, July 23, 2017

പറഞ്ഞു തീരാതെ ചില ഇടവേളകൾ..
*****************************************************
കവിത ജനിക്കുന്നത് എപ്പോഴെന്നറിയില്ല.
ചിലപ്പോൾ അര്ധരാത്രിയാവും.
മഴയപ്പോൾ ചന്നം പിന്നം പെയ്യുന്നുണ്ടാവും.
അടർന്നു വീണു ചെളിയിൽ പുതഞ്ഞ ചെമ്പകപ്പൂവ്
മണം തീർന്നു അന്ത്യശ്വാസം വലിക്കുന്നുണ്ടാവും.
രതി കഴിഞ്ഞ മിഥുനങ്ങൾ പരസ്പരം വെറുത്തു
തിരിഞ്ഞു കിടന്നുറക്കം തുടങ്ങിയിട്ടുണ്ടാവും.
എവിടെയോ തണുത്തു വെറുങ്ങലിച്ചു
പുള്ളു കൾ ങ്ങുന്നുണ്ടാവും ,
തിളങ്ങാൻ കഴിയാത്തൊരു ബൾബ്
വലിഞ്ഞു വലിഞ്ഞു മിന്നുന്നുണ്ടാവും.
വിശപ്പ് വയറിനെ തിന്നുന്നുണ്ടാവും.
വിഷാദം ഏകാന്തതയോട് കൂട്ടം പറഞ്ഞിരിപ്പുണ്ടാവും,
മദ്യം ഒഴിഞ്ഞ ചില്ലു ഗ്ലാസ്സിലൊന്നു
നിലത്തു വീണു തകർന്നിട്ടുണ്ടാവും.
പ്രണയം നിലപാടുകൾ എടുക്കാനാവാതെ
തല ആമത്തോടിനകത്തേക്കു പിന് വലിച്ചിട്ടുണ്ടാകും.
ആരോ മരിച്ചു പിരിഞ്ഞു പോയൊരു വീട്ടിന്ന യൽ പക്കത്ത്
ഏതോ കുഞ്ഞു ജനിച്ചിട്ടുണ്ടാകും.

കവിത പേറ്റു നോവ് തുടങ്ങുന്നത് എപ്പോഴാണെന്നറിയില്ല .
അപ്പോഴൊരുപക്ഷെ
വെളിച്ചമില്ലാത്തൊരു വെളുപ്പിന്
പുല്ലുകൾ മഞ്ഞു തുള്ളി താങ്ങി
നട്ടെല്ല് വളയ് ക്കുന്നുണ്ടാകും
നട്ടുച്ച വെയിൽ വിരിച്ചുണക്കാനിട്ടിട്ടുണ്ടാകും.
കാറ്റടിച്ചു പറന്നുപോയ ഇലകൾ
സന്ധ്യക്ക്തീപിടിപ്പിക്കുന്നുണ്ടാവും
പകൽ മുഴുവൻ പണിതു മനം മടുത്തൊരാൾ
പടിപ്പുര കടന്നു തിണ്ണയിൽ കയറുന്നുണ്ടാവും.
കൊളുത്തി വെച്ച വിള ക്കു  നോക്കി പെൺകുട്ടി
മൊബൈൽ ഫോൺ തെരുപ്പിടിക്കുന്നുണ്ടാവും.
അമ്മമാർ അടുക്കളയിൽ കഞ്ഞിക്കലം നോക്കി
സ്വപ്നം കാണുന്നുണ്ടാവും.

കവിത നോവെടുത്തു ചീറിക്കരയുന്നത്
എപ്പോഴെന്നറിയില്ല .
ചിലപ്പോഴാ നേരങ്ങളിൽ
ഏതോ രാജ്യത്ത് ബോംബ് വീണു മക്കൾ കരിയുന്ന തു കണ്ടു
വിറങ്ങലിക്കുന്ന മാതാപിതാക്കളുണ്ടാവും .
കടല് കരയിൽ കയറി തിരയടിച്ചു മദിക്കുന്നുണ്ടാവും .
ഭൂമി കൂടുതൽ കുലുങ്ങി
വെറു പ്പു തീർത്തു രസിക്കുന്നുണ്ടാവും
ആരൊക്കെയോ എവിടൊക്കെയോ വേദനിക്കുന്നുണ്ടാവും
വേറെ കുറേപ്പേർ ചിരിച്ചു തകർക്കുന്നുണ്ടാവും.

കവിത ജനിച്ചു വീണു കരയുന്നതെപ്പോഴാണെന്നറിയില്ല.
സമയങ്ങളിൽ തന്നെ,
എവിടെയൊക്കെയോ പൊക്കിൾ കൊടികൾ
തുന്നിച്ചേർക്കുന്നുണ്ടാവും
വേറെയെവിടെയോ ബന്ധബന്ധനങ്ങൾ
മുറിച്ചു വീഴ്ത്തുന്നുണ്ടാവും
കര യാനറിയാത്ത ചിലർ കരൾ മരിച്ചു
അലറിച്ചിരിക്കുന്നുണ്ടാവും.
ചിരിക്കാനറിയാത്തവർ കുറ്റം പറയുന്നുണ്ടാവും.
ഒന്നിനുമാകാത്തവർ ഒന്നുമല്ലെന്ന് നടിക്കുന്നുണ്ടാവും

കവിത ശ്വാസം കിട്ടാതെ ജനിക്കും മുൻപേ
മരിക്കുന്നതെപ്പോഴാണെന്നറിയില്ല.
അപ്പോഴൊക്കെ,
വേഗത്തിലോടിയിട്ടും എത്താതെ
ആരൊക്കെയോ എവിടൊക്കെയോ എത്തിച്ചേർന്നിട്ടുണ്ടാവും.
ചെന്നിടത്തു നിൽക്കാനാവാതെ
ആരൊക്കെയോ ഓടിപ്പോയിട്ടുണ്ടാകും.
പോയവരെ മറന്നു പുതിയവർ കൂട്ടം ചേര്ന്നുണ്ടാവും.
ഓടിക്കൊണ്ടിരിക്കുന്നവർ
ശ്വാസം കിട്ടാതെ കിതയ്ക്കുന്നുണ്ടാകും
ചെന്നെത്തുന്നവർ കയ്യിൽ കിട്ടിയത് വാരി
മറ്റെവിടേക്കോ ഓടുന്നുണ്ടാവും..
ഏറ്റവുമൊടുക്കം ചോദ്യവും ഉത്തരവും ഇല്ലാതെ
രാവും പകലും ഭൂമിയും
ഒരേ വേഗത്തിൽ ഒരേ തണ്ടിൽ
പരസ്പരം നോക്കാതെ അറിയാതെ

കറങ്ങിക്കൊ ണ്ടിരിക്കുന്നുണ്ടാവും .

No comments:

Post a Comment